കീവ്: യുക്രൈനിലെ ഖാർകിവിൽ അപകടകരമായ സാഹചര്യം പ്രതീക്ഷിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകി. പെസോച്ചിൻ ഒഴികെയുള്ള ഖാർക്കിവിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ വിശദാംശങ്ങൾ (പേര്, ഖാർകിവിലെ വിലാസം, പാസ്‌പോർട്ട് നമ്പർ, മൊബൈൽ നമ്പർ, കൂടെയുള്ളവരുടെ വിശദാംശങ്ങൾ) എംബസി പങ്കിട്ട ഫോമിൽ അടിയന്തരമായി പൂരിപ്പിക്കണമെന്നും കീവിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യക്കാരോട് മാനസികമായി ശക്തരായിരിക്കാനും കൂടെയുള്ളവരുടെ വിവരങ്ങൾ സമാഹരിച്ച് അറിയിക്കാനും എംബസി പൗരൻമാർക്ക് നിർദ്ദേശം നൽകി. പത്ത് വിദ്യാർഥികളുള്ള ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും ഒരോ ഗ്രൂപ്പിനും ഓരോ കോർഡിനേറ്ററെ നിയമിക്കാനും നിർദേശമുണ്ട്.