ജെനീവ:കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുന്നത് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ. ആഫ്രിക്ക, അമേരിക്ക, പടിഞ്ഞാറൻ പസഫിക്ക് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് മരണനിരക്കിൽ കഴിഞ്ഞ ആഴ്‌ചകളിൽ വർധനയുണ്ടായതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുന്നത് ആപത്ത്: ലോകാരോഗ്യ സംഘടന
ലോകത്ത് 44 ശതമാനം വാക്‌സിനേഷനും നടന്നത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണെന്നും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇതുവരെ 0.4 ശതമാനം പേരിലേക്ക് മാത്രമാണ് വാക്‌സിൻ എത്തിയിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന.
ചില രാജ്യങ്ങളിൽ വാക്‌സിനേഷൻ മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളിലും നിലവിൽ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആദ്യത്തെ വാക്‌സിനുകൾ നൽകി ആറുമാസത്തിനുശേഷവും ലോകത്തെ തന്നെ 44 ശതമാനം വാക്‌സിനേഷനും നടന്നത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണെന്നും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇതുവരെ 0.4 ശതമാനം വാക്‌സിനേഷൻ മാത്രമാണ് പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കിൽ മാസങ്ങളായിട്ടും മാറ്റമില്ല എന്നുള്ളതാണ് ഏറ്റവും ആശങ്ക ഉളവാക്കുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:750,000 ഡോസ് കൊവിഡ് വാക്‌സിനുകൾ തായ്‌വാന് സംഭാവന ചെയ്യുമെന്ന് അമേരിക്ക
എല്ലാ രാജ്യങ്ങളുടെയും കുറഞ്ഞത് 10 ശതമാനം ജനസംഖ്യയിലേക്കെങ്കിലും സെപ്‌റ്റംബറോടെ വാക്‌സിൻ എത്തിക്കണമെന്നും 2021 അവസാനത്തോടെ ഇത് 30 ശതമാനമായി ഉയർത്താൻ കഴിയണമെന്നും ടെഡ്രോസ് ലോകാരോഗ്യ അസംബ്ലിയിൽ പറഞ്ഞു. ജി-7 രാജ്യങ്ങൾക്ക് ഈ ലക്ഷ്യം നിറവേറ്റാൻ കഴിയുമെന്നും ജൂൺ, ജൂലായ് മാസങ്ങളിൽ ഈ രാജ്യങ്ങൾ മറ്റ് രാജ്യങ്ങളുമായി വാക്‌സിൻ പങ്കുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്‌സിൻ നിർമിക്കുന്ന കമ്പനികളോട് ലോകാരോഗ്യസംഘടനയുടെ കൊവിഡ് ടെക്നോളജി ആക്‌സസ് പൂളുമായി അവർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പങ്കിടാനും ടെഡ്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്.