റോം:കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഇറ്റലി. രാജ്യത്തെ ഫോർ-ടയർ കളർ-കോഡെഡ് സിസ്റ്റം അനുസരിച്ച് കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ പ്രദേശങ്ങളിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ വൈറ്റ് സോണുകളിൽ സാമൂഹ്യഅകലം പാലിക്കുന്നതും മാസ്‌ക്ക് ധരിക്കുന്നതും ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു.
Also Read:173.1 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ
വടക്കൻ വെനെറ്റോ, ഫ്രിയൂലി വെനീസിയ ജിയാലിയ, ലിഗൂറിയ, സെൻട്രൽ അംബ്രിയ, അബ്രുസോ, മോളിസ്, സാർഡിനിയ എന്നീ പ്രദേശങ്ങളാണ് വൈറ്റ് സോണിലുള്ളവ. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും യെല്ലോ സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മിതമായ അപകട സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഇവ.
യെല്ലോ സോണുകളിൽ രാത്രികാല കർഫ്യൂ മുമ്പത്തേതിനേക്കാൾ ഒരു മണിക്കൂർ വൈകി, അർധരാത്രി 12 മുതൽ രാവിലെ 5 വരെ പ്രാബല്യത്തിൽ വരും. രാജ്യത്ത് ആകെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ഓസ്റ്റ വാലി, മോളിസ്, സതേൺ ബസിലിക്കറ്റ എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം തീവ്രപരിചരണം ആവശ്യമുള്ള ഒരു രോഗിയെ പോലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
Also Read:750,000 ഡോസ് കൊവിഡ് വാക്‌സിനുകൾ തായ്‌വാന് സംഭാവന ചെയ്യുമെന്ന് അമേരിക്ക
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇറ്റലിയിൽ ഇതുവരെ 38 ദശലക്ഷത്തിലധികം വാക്‌സിൻ ഡോസുകളാണ് നൽകിയിട്ടുള്ളത്. ഇതിൽ തന്നെ 13 ദശലക്ഷത്തിലധികം ആളുകൾക്ക് (ജനസംഖ്യയുടെ 24 ശതമാനം) രണ്ട് ഡോസ് വാക്‌സിനും നൽകി കഴിഞ്ഞു. 1,92,272 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 1,26,588 പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായി.