ലണ്ടൻ:അധോലോക നേതാവായിരുന്ന ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി ടൈഗർ ഹനീഫിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടീഷ് സർക്കാർ നിരസിച്ചു. യുകെ ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 1993ൽ സൂറത്തിൽ നടന്ന രണ്ട് ബോംബ് സ്‌ഫോടനക്കേസുകളിലും ദാവൂദ് ഇബ്രാഹിമിന്‍റെ സഹായിയായിരുന്നു ടൈഗർ ഹനീഫ്.
2010 ഫെബ്രുവരിയിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബോൾട്ടണില്‍ ഒരു പലചരക്ക് കടയില്‍ ജോലി ചെയ്യുമ്പോഴാണ് ഹനീഫിനെ സ്കോട്ട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്‌തത്. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. എന്നാല്‍ ഇന്ത്യക്ക് വിട്ടുനല്‍കിയാല്‍ പീഡിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഇയാൾ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ 2019ല്‍ ഇന്ത്യയുടെ നീക്കം ഫലം കാണുകയും കൈമാറാന്‍ ധാരണയാവുകയും ചെയ്‌തു. ഇതിനിടെയാണ് ഹനീഫിനെ വിട്ടുനല്‍കില്ലെന്ന് പാക് വംശജനായ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചത്.
ഹനീഫിനെ ഇന്ത്യയിലേക്ക് കൈമാറാൻ ആദ്യം ഉത്തരവിട്ടത് 2012 ജൂണിൽ അന്നത്തെ ആഭ്യന്തര സെക്രട്ടറി തെരേസ മേയാണ്. 2013 ഏപ്രിലിൽ ലണ്ടനിലെ ഹൈക്കോടതിയിൽ ഇന്ത്യയുടെ അപേക്ഷ പരിഗണിച്ചപ്പോൾ ജസ്റ്റിസ് കെന്നത്ത് പാർക്കർ ഗുജറാത്തിലുണ്ടായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. 1992 ഡിസംബറിൽ ബാബറി മസ്‌ജിദ് പൊളിച്ചുമാറ്റിയതിനെത്തുടർന്ന് ഗുജറാത്തിലെ മുസ്ലീം, ഹിന്ദു സമുദായങ്ങൾക്കിടയിൽ ആഭ്യന്തര ശത്രുതയുണ്ടായതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. രണ്ട് സ്‌ഫോടങ്ങളാണ് ഗുജറാത്തിലുണ്ടായത്. 1993 ജനുവരിയിൽ സൂറത്തിലെ മാര്‍ക്കറ്റ് റോഡിലുണ്ടായ ആദ്യ സ്‌ഫോടനത്തില്‍ എട്ട് വയസുകാരി കൊല്ലപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ സൂറത്ത് റെയിൽവേ സ്റ്റേഷനിലാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്.
ഇന്ത്യ-യുകെ എക്‌സ്ട്രാഡിഷൻ ഉടമ്പടി പ്രകാരം ഇന്ത്യ കാറ്റഗറി രണ്ടിലുള്ള രാജ്യമാണ്. അതായത് ഏതെങ്കിലും എക്‌സ്ട്രാഡിഷൻ അഭ്യർഥനയിൽ ആഭ്യന്തര സെക്രട്ടറിക്ക് അന്തിമ തീരുമാനമെടുക്കാം. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ഹനീഫ് ഉമർജി പട്ടേൽ(57) എന്ന ടൈഗര്‍ ഹനീഫിനെ വിട്ടുകിട്ടാനുള്ള അനുമതി ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നിഷേധിച്ചത്.
അതേസമയം വായ്‌പാതട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഒരു മാസത്തിനകം ഇന്ത്യക്ക് കൈമാറിയേക്കും. എക്‌സ്ട്രാഡിഷന്‍ നടപടികള്‍ തടയാനുള്ള വിജയ് മല്യയുടെ നിയമപരമായ വഴികള്‍ അടഞ്ഞിരിക്കുന്ന സാഹചര്യത്തിലാണിത്. 2018ലെ എക്‌സ്ട്രാഡിഷന്‍ ഓര്‍ഡര്‍ ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ യുകെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വിജയ് മല്യക്ക് അനുമതി നിഷേധിച്ചു. ഇന്ത്യ-യുകെ എക്‌സ്ട്രാഡിഷന്‍ ഉടമ്പടി പ്രകാരം യുകെ ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ മല്യയുടെ എക്‌സ്ട്രാഡിഷന്‍ ഓര്‍ഡര്‍ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയാല്‍ 28 ദിവസത്തിനകം മല്യയെ ഇന്ത്യക്ക് കൈമാറിയേക്കും.