ന്യൂഡല്‍ഹി:ഇന്ത്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് ഇന്ത്യയുടെയും ബ്രിട്ടന്‍റെയും ആരോഗ്യ വിഭാഗം പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസും നാഷണൽ ഹെൽത്ത് അതോറിറ്റി ചെയർമാൻ ആർഎസ് ശർമയുമാണ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ നിര്‍മിത കൊവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും നിര്‍ബന്ധിത ക്വാറന്‍റൈനെന്ന ബ്രിട്ടന്‍റെ നിലപാട് കഴിഞ്ഞ ദിവസം ഇന്ത്യ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ തീരുമാനം ബ്രിട്ടന്‍ പിന്‍വലിച്ചു. ബുധനാഴ്ചയാണ് ബ്രിട്ടന്‍ തീരുമാനം മാറ്റിയത്. ഇതിന് ശേഷമാണ് ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച.
എന്നാല്‍ വ്യാഴാഴ്ച നടന്ന കൂടിക്കാഴച്ചയില്‍ ബ്രിട്ടന്‍ സാങ്കേതികമായ ആശങ്കകള്‍ പ്രകടിപ്പിച്ചില്ലെന്ന് ആര്‍ എസ് ശര്‍മ ട്വീറ്റ് ചെയ്തു. വാക്സിനുമായി ബന്ധപ്പെട്ട് നടത്തിയ സാങ്കേതിക ചര്‍ച്ച മികച്ചതും പ്രധാനപ്പെട്ടതുമാണെന്നാണ് ബ്രിട്ടന്‍ പ്രതിനിധിയുടെ ട്വീറ്റ്. ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.
കൂടുതല്‍ വായനക്ക്: കമല ഹാരിസുമായി കൂടിക്കാഴ്‌ച നടത്തി മോദി, ഇന്ന് ബൈഡനെ നേരില്‍ കാണും
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗത്തെ നല്ല ബന്ധത്തിന് ചര്‍ച്ച സഹായകമാകുമെന്നാണ് ആര്‍ എസ് ശര്‍മയുടെ പ്രതികരണം. ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍ ആകുന്നതിനോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിര്‍മിത കൊവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കാത്ത ബ്രിട്ടന്‍റെ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.