റോം: നാഷണല്‍ ജോഗ്രാഫിക് മാഗസിന്‍റെ കവര്‍ ചിത്രത്തിലൂടെ ലോക പ്രശസ്‌തയായ പച്ച കണ്ണുള്ള അഫ്‌ഗാന്‍ പെണ്‍കുട്ടി ഷര്‍ബത്ത് ഗുല ഇറ്റലിയിലെത്തി. ഇറ്റാലിയൻ അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്‌ഗാനിസ്ഥാനില്‍ നിന്ന് രാജ്യം വിടാന്‍ സഹായിക്കണമെന്ന് ഷര്‍ബത്ത് ഗുലയും സന്നദ്ധ സംഘടനകളും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഗുലക്ക് ഇറ്റലിയിലേക്കുള്ള വഴിയൊരുങ്ങിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
1984ല്‍ സോവിയറ്റ്-അഫ്‌ഗാന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറിയാണ് പാകിസ്ഥാനിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഷര്‍ബത്ത് ഗുലയുടെ ചിത്രം ക്യാമറയിലേക്ക് പകര്‍ത്തുന്നത്. പച്ചക്കണ്ണുള്ള 12കാരിയുടെ മുഖം നാഷണല്‍ ജോഗ്രാഫിക് മാഗസിന്‍ കവര്‍ ചിത്രമാക്കുകയും ചെയ്‌തു.