ജനീവ: ലോകത്തിലെ കൊവിഡ് കേസുകൾ കുറയുന്നതായി ലോകാരോഗ്യ സംഘടന. ഫെബ്രുവരി 21 വരെയുള്ള ആഴ്‌ചയിൽ 11 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ ആറാമത്തെ ആഴ്‌ചയാണ് കേസുകൾ കുറയുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡ് വൈറസ് ലോകമെമ്പാടും പടരാൻ ആരംഭിച്ചതിനുശേഷം ആകെ 110.7 ദശലക്ഷവും കേസുകളും 2.4 ദശലക്ഷത്തിലധികം മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ലോകത്ത് പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവെന്ന് ലോകാരോഗ്യ സംഘടന
നിലവിൽ ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അമേരിക്കയിലാണ്
നിലവിൽ ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അമേരിക്കയിലാണ്. ബ്രസീൽ, ഫ്രാൻസ്, റഷ്യ, ഇന്ത്യ എന്നിവയാണ് മറ്റ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങൾ. എന്നിരുന്നാലും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസുകളുടെ എണ്ണത്തിൽ നിലവിൽ വർധനയുണ്ടാകുന്നുണ്ട്. യുകെയിൽ ആദ്യമായി കണ്ടെത്തിയ ബി.1.1.7 ഇനം വൈറസ് നിലവിൽ 101 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബി.1.351 ഇനം വൈറസ് നിലവിൽ 51 രാജ്യങ്ങളിൽ നിന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ബ്രസീലിലും ജപ്പാനിലും ആദ്യമായി കണ്ടെത്തിയ അധികമായി കാണപ്പെടാത്ത ബി.1.1.28.1 ഇനത്തെ നിലവിൽ 29 രാജ്യങ്ങളിൽ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന കൂട്ടിചേർത്തു.