ഫ്രാങ്ക്ഫെര്‍ട്ട്: ജര്‍മനിയില്‍ ഭീകരവാദ ആക്രമണങ്ങള്‍ നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇസ്ലാമിക ഭീകരവാദികള്‍ക്കായി റെയ്ഡ് നടത്തി. ബെര്‍ലിന്‍ അധികൃതരാണ് റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടുന്നതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്. അടുത്ത കാലത്തായി നിരവധി ഭീകരവാദ ആക്രമണങ്ങള്‍ക്കാണ് ജര്‍മനി സാക്ഷ്യം വഹിച്ചത്.
ബെർലിൻ, ബ്രാൻഡൻബർഗ്, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, തുറിംഗിയ എന്നിവിടങ്ങളിൽ ഭീകരവാദ ഭീഷണിയുള്ളതിനാല്‍ ശക്തമായ തെരച്ചില്‍ നടക്കുന്നതായി ബെര്‍ലിന്‍ അറ്റോര്‍ണി ജനറല്‍ ട്വിറ്ററില്‍ കുറിച്ചു. ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്നവര്‍ ചെചെന്‍ വംശജരാണെന്നും 23നും 28നും ഇടയില്‍ പ്രായമുള്ളവരാണെന്നും ബെര്‍ലിന്‍ പൊലീസ് പറഞ്ഞു. പൊലീസ് പട്രോളിങിനിടയില്‍ സംശയം തോന്നിയവരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ ചിത്രങ്ങളാണ് സംശയം ജനിപ്പിച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട കെട്ടിടങ്ങളുടേയും സ്മാരകങ്ങളുടേയും ചിത്രങ്ങള്‍ പൊലീസ് പിടിയിലായ ആളുടെ മൊബൈല്‍ ഫോണില്‍ കണ്ടതും പൊലീസിനെ കൂടുതല്‍ സംശയത്തിനിടയാക്കി. രാജ്യത്തെ നിരവധി ഷോപ്പിങ് മോളുകളെ ലക്ഷ്യമിട്ടതായും സംശയിക്കുന്നുണ്ട്. റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും ഹാര്‍ഡ് ഡ്രൈവുകളും മാരകായുധങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.