പാരിസ്: മൂന്നാഴ്ചത്തേക്ക് രാജ്യവ്യാപകമായി വിദ്യാലയങ്ങൾ അടച്ചിടാനും ഒരു മാസത്തെ ആഭ്യന്തര യാത്രാ നിരോധനവും പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. വൈറസ് അതിവേഗം പടരുന്നതിനാലാണ് ഇങ്ങനെയൊരു നടപടി.
"പകർച്ചവ്യാധി രൂക്ഷമാവുകയാണ്, ഞങ്ങൾ മൂന്നാഴ്ചത്തേക്ക് നഴ്സറി, ഹൈസ്കൂളുകൾ അടയ്ക്കാൻ പോകുന്നു. രാജ്യവ്യാപകമായി രാത്രി 7 മുതൽ പുലർച്ചെ 6 വരെ നിരോധനാജ്ഞ ഏർപ്പെടുത്തും. വരും ആഴ്ചകളിൽ ഐക്യത്തോടെ തുടരുകയാണെങ്കിൽ നമ്മൾ വെളിച്ചം കാണും" എന്ന് ടെലിവിഷൻ പ്രസംഗത്തിൽ മാക്രോൺ പറയുകയുണ്ടായി.
പാരീസ് മേഖലയിലും, വടക്ക് കിഴക്കൻ ഫ്രാൻസിന്‍റെ മറ്റ് ഭാഗങ്ങളിലും ഇതിനകം ബാധകമായ നിയന്ത്രണങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും മാക്രോൺ അറിയിച്ചു. നിയന്ത്രണങ്ങളുണ്ടെങ്കിലും ആളുകൾക്ക് ഒഴിവുസമയങ്ങളിൽ പുറത്തേക്ക് പോകാൻ അനുമതിയുണ്ട് പക്ഷേ വീടുകളിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ ഉണ്ടാവണം.
ഫ്രാൻസിലെ തീവ്രപരിചരണ വിഭാഗത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം ചൊവ്വാഴ്ച 5,000 കടന്നു. പതിനൊന്ന് മാസത്തിനിടെ ഇതാദ്യമായാണ് സംഖ്യ ഉയർന്നത്. ആശുപത്രി കിടക്കകളുടെ എണ്ണം വരും ദിവസങ്ങളിൽ 7,000 ൽ നിന്നും 10,000 ആയി ഉയർത്തുമെന്നും മാക്രോൺ പറഞ്ഞു. ജനുവരി മുതൽ രാജ്യവ്യാപകമായി നിരോധനാജ്ഞയാണ്. ഫ്രാൻസിലെ എല്ലാ റെസ്റ്റോറന്‍റുകളും ബാറുകളും ജിമ്മുകളും സിനിമാശാലകളും മ്യൂസിയങ്ങളുമെല്ലാം ഒക്ടോബർ മുതൽ അടച്ചിരുന്നു.