കേരളം

kerala

ETV Bharat / international

ബ്രിട്ടനില്‍ നോറോ വൈറസ് പടരുന്നു; എന്താണ് നോറോ വൈറസ് ?

കഴിഞ്ഞ അഞ്ച് ആഴ്‌ചയ്‌ക്കിടെ 154 പേരിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.

England witnesses norovirus  norovirus  ബ്രിട്ടണില്‍ നോറോ വൈറസ്  നോറോ വൈറസ്  എന്താണ് നോറോ വൈറസ്
നോറോ വൈറസ്

By

Published : Jul 21, 2021, 11:33 AM IST

ലണ്ടൻ: കൊവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും പിൻവലിച്ച് ജനജീവിതം പഴയപടിയാക്കിയ ബ്രിട്ടീഷ് സർക്കാരിന് തലവേദനയായി മറ്റൊരു വൈറസ് വ്യാപനം. കഴിഞ്ഞ അഞ്ച് ആഴ്‌ചയ്‌ക്കിടെ 154 പേരിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.

വ്യാപനം കൂടുതലാണെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നും നോറോ വൈറസ് വരുത്തിവയ്‌ക്കില്ലെന്നത് ആശങ്ക കുറയ്‌ക്കുന്നു. സ്വയം ചികിത്സ കൊണ്ട് രണ്ട് മുതല്‍ മൂന്ന് ദിവസം കൊണ്ട് രോഗം ഭേദമാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് നോറോ വൈറസ്

ഛർദിക്കും വയറിളക്കത്തിനും കാരണമാകുന്ന വൈറസാണ് നോറോ വൈറസ്. പൊതുവെ ശൈത്യകാലത്താണ് ഈ വൈറസ് റിപ്പോർട്ട് ചെയ്യാറുള്ളത്. രോഗബാധിതനായ ഒരാളുടെ ശരീരത്തില്‍ വളരെയധികം വൈറസുകളുടെ സാന്നിധ്യം കാണാൻ കഴിയുമെങ്കിലും ഇതില്‍ വളരെ കുറച്ചെണ്ണം മാത്രമെ രോഗത്തിന് കാരണമാകുന്നുള്ളു.

രോഗലക്ഷണങ്ങള്‍

ഛർദിയും വയറിളക്കവുമാണ് വൈറസ് ബാധിച്ചാലുള്ള പ്രധാന ലക്ഷണങ്ങള്‍. ശരീരം ക്ഷീണിക്കുക, ശരീര താപനില ഉയരുക, തലവേദന, കൈകള്‍ക്കും കാലിനും വേദന തുടങ്ങിയവയും വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്.

രോഗം പകരാനുള്ള സാഹചര്യം

വളരെ എളുപ്പത്തിലും വേഗത്തിലും പകരുന്ന വൈറസ്‌ ബാധയാണ് നോറ. രോഗബാധിതനുമായുള്ള സമ്പർക്കത്തിലൂടെ രോഗം പകരും. വൈറസുള്ള പ്രതലം സ്പർശിക്കുന്നതിലൂടെയും രോഗം പകരാം. രോഗ ബാധിതൻ ഉപയോഗിച്ച വസ്‌തുക്കള്‍ ഉപയോഗിച്ചാലും, രോഗബാധിതൻ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാലും വൈറസ് ബാധയുണ്ടാകും. രോഗം ബാധിച്ചെന്ന ബോധ്യപ്പെട്ടാല്‍ വീടിന് പുറത്തിറങ്ങാതിരിക്കുക.

എങ്ങനെ പ്രതിരോധിക്കാം

വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. രോഗിയുമായി സമ്പർക്കം പുലർത്താതിരിക്കുക, രോഗി ഉപയോഗിച്ച വസ്‌തുക്കള്‍ ഉപയോഗിക്കാതിരിക്കുക, തുടങ്ങിയവ പാലിക്കുക. ഇടയ്‌ക്കിടെ കൈകള്‍ കഴുകുന്നതും പ്രയോജനം ചെയ്യും.

സ്വയം ചികിത്സ മതി

രോഗബാധിതനെ നമുക്ക് തന്നെ ചികിത്സിക്കാനാകും. വിശ്രമിക്കുകയും, നിർജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം. ഇതിനായി ധാരാളം വെള്ളം കുടിക്കുകയും, അത്തരം പഴവർഗങ്ങള്‍ കഴിക്കുകയും ചെയ്താൽ രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാകും. രോഗിയെ ചികിത്സിക്കുമ്പോള്‍ രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കാനും ശ്രദ്ധിക്കണം.

also read: ബ്രിട്ടണില്‍ 48,161 പുതിയ കൊവിഡ് കേസുകള്‍

ABOUT THE AUTHOR

...view details