മ്യൂനിച്:സുരക്ഷാ കോണ്‍ഫറന്‍സില്‍ കശ്‌മീര്‍ വിഷയം ഉന്നയിച്ച അമേരിക്കന്‍ സെനറ്റര്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. കശ്‌മീര്‍ പ്രശ്‌നം ജനാധിപത്യപരമായ രീതിയില്‍ പരിഹരിച്ചാല്‍ അത് ഇന്ത്യ പിന്തുടരുന്ന ജനാധിപത്യത്തിന് ആഗോളതലത്തില്‍ വന്‍ വില നല്‍കുമെന്ന് പരിഹാസരൂപേണയുള്ള അമേരിക്കന്‍ സെനറ്ററുടെ പ്രസ്താവനയ്‌ക്കാണ് ജയശങ്കര്‍ മറുപടി നല്‍കിയത്. ഞങ്ങള്‍ പ്രശ്‌നം പരിഹരിക്കുമെന്നും അതിന് ശേഷം ഇന്ത്യ പിന്തുടരുന്ന ജനാധിപത്യത്തിന്‍റെ വില താങ്കള്‍ക്ക് മനസിലാകുമെന്നും എസ്. ജയശങ്കര്‍ തിരിച്ചടിച്ചു.
കശ്‌മീര്‍; ഇന്ത്യന്‍ ജനാധിപത്യത്തെ പരിഹസിച്ച് അമേരിക്ക, തക്കമറുപടിയുമായി ഇന്ത്യ - എസ് ജയശങ്കര്‍
അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിന്‍റെ പരിഹാസം കലര്‍ന്ന ചോദ്യത്തിനാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മറുപടി നല്‍കിയത്.
"ഇന്ത്യയില്‍ നിങ്ങള്‍ മുന്നോട്ട് പോവുകയാണ്. അമേരിക്കയിലുള്ളതിന് സമാനമായ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഇന്ത്യയിലുമുണ്ട്. ഞങ്ങള്‍ അമേരിക്കയുടേതായ ജനാധിപത്യ രീതിയില്‍ അത് പരിഹരിക്കാറുണ്ട്. കശ്‌മീരിലെ പ്രശ്‌നങ്ങളെ ഇന്ത്യയുടേതായ ജനാധിപത്യ രീതിയില്‍ പരിഹരിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. കശ്‌മീര്‍ വിഷയത്തില്‍ അത് എത്രത്തോളം പ്രയോജനപ്പെടുമെന്ന് എനിക്കറിയില്ല" - പാനല്‍ ചര്‍ച്ചയില്‍ അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം അഭിപ്രായപ്പെട്ടു. എന്നാല്‍ ഉടനടി മറുപടി പറഞ്ഞ എസ്. ജയശങ്കര്‍ താങ്കള്‍ വിഷമിക്കേണ്ട, ഇന്ത്യ തങ്ങളുടെ രീതിയില്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണും. അപ്പോള്‍ ഏത് രാജ്യത്തിന്‍റെ ജനാധിപത്യത്തിനാണ് ശക്‌തി എന്ന് താങ്കള്‍ മനസിലാകുമെന്നും പ്രതികരിച്ചു.
അതേസമയം ഐക്യരാഷ്‌ട്ര സഭയുടെ ആധികാരികത മുന്‍ കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറഞ്ഞുവരികയാണെന്നും എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. അതില്‍ ഒരു പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്‌ച ആരംഭിച്ച മ്യൂനിച് കോണ്‍ഫറന്‍സിന് ഇന്ന് സമാപനമാകും.