കീവ്:പാശ്ചാത്യ സൈനിക സംഖ്യമായ നാറ്റോ യുക്രൈനില്‍ നോഫ്ലൈസോണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ പൗരന്‍മാര്‍ പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയില്‍ മാര്‍ച്ച് നടത്തും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ന് പോളണ്ട് സന്ദര്‍ശിക്കുന്ന വേളയിലായിരിക്കും മാര്‍ച്ച് നടത്തുക. വാര്‍സോയിലെ മാര്‍സാല്‍ഖാസ്ക്കി തെരുവിലാണ് മാര്‍ച്ച് നടക്കുക.
നാറ്റോ യുക്രൈനില്‍ നോഫ്ലൈസോണ്‍ പ്രഖ്യാപിക്കണമെന്ന് യുക്രൈനിയന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടതാണ്. എന്നാല്‍ നോഫ്ലൈസോണ്‍ പ്രഖ്യാപിക്കുന്നത് നാറ്റോ റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിലേക്ക് കടക്കുന്നതിലേക്ക് നയിക്കുമെന്നുള്ള കാരണത്താല്‍ യുഎസ് സെലന്‍സ്‌കിയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. യുക്രൈനില്‍ കടക്കുന്ന റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നാറ്റോ വെടിവെച്ചിടുക എന്നതാണ് നോഫ്ലൈസോണ്‍ പ്രഖ്യപിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നത്.
യുക്രൈന്‍ പൗരന്‍മാരുടെ മാര്‍ച്ചിന്‍റെ മറ്റൊരാവശ്യം അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനിന് യുദ്ധ വിമാനങ്ങള്‍ നല്‍കുക എന്നതാണ്. നാറ്റോ യുക്രൈന് മിഗ് യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന നിര്‍ദേശം പോളണ്ട് മുന്നോട്ട്‌വച്ചിരുന്നു. എന്നാല്‍ മിഗ് വിമാനങ്ങള്‍ നല്‍കിയാല്‍, യുദ്ധം കൂടുതല്‍ വിപുലമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ നിര്‍ദേശം യുഎസ് തള്ളിയിരുന്നു.