ലണ്ടൻ : രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് നിലവില്‍ നല്‍കുന്ന കൊവിഡ് വാക്‌സിന്‍ പുനപ്പരിശോധിക്കാൻ ഇന്ത്യ തയ്യാറാകണമെന്ന് യു.കെ സർക്കാർ. അടുത്ത മാസം മുതൽ ഇംഗ്ലണ്ടില്‍ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ പ്രകാരം ഇന്ത്യൻ വാക്‌സിനുകൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് യു.കെയുടെ വിശദീകരണം.
ഓസ്ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന ഫൈസർ, മൊഡേണ, ഓക്‌സ്‌ഫോർഡ്/ആസ്ട്രാസെനെക്ക തുടങ്ങിയ വാക്‌സിനുകളെടുത്തവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്നാണ് യു.കെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
ALSO READ:റഷ്യൻ സർവകലാശാലയിൽ വെടിവയ്‌പ്; എട്ട് മരണം
എന്നാല്‍, അംഗീകൃത വാക്‌സിനുകൾ വിതരണം ചെയ്യുന്ന രാജ്യങ്ങളുടെ വിപുലപ്പെടുത്തിയ ലിസ്റ്റില്‍ ഇംഗ്ലണ്ട് രാജ്യത്തെ ഉള്‍പ്പെടുത്താത്തതിനെതിരെ ഇന്ത്യൻ വിദ്യാർഥികൾ രംഗത്തെത്തി. മറ്റ് രാജ്യങ്ങളോട് ഇല്ലാത്ത അവഗണന തങ്ങളോടുമാത്രം കാണിക്കുന്നത് ന്യായമല്ലെന്ന് വിദ്യാർഥികൾ പറയുന്നു.
പുതുക്കിയ പട്ടികയില്‍ ഇന്ത്യയില്ലാത്തത് രാജ്യത്തുനിന്നും യു.കെയിലേക്ക് പോകേണ്ടവരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇപ്പോഴും നിർബന്ധിത പി.സി.ആർ പരിശോധനയും ഐസൊലേഷനും നിര്‍ബന്ധമാണ് ഇംഗ്ലണ്ടില്‍.
കൊവിഡ് വ്യാപനം അടിസ്ഥാനമാക്കി അപകടസാധ്യതയുള്ള രാജ്യങ്ങളെ ചുവപ്പ്, ആംബര്‍, പച്ച തുടങ്ങിയവയായി തരംതിരിച്ചിരുന്നു. ഇതില്‍ മാറ്റം വരുത്തി ഒക്ടോബർ നാല് മുതല്‍ ചുവന്ന ലിസ്റ്റ് മാത്രമാക്കി പട്ടിക പുറത്തിറക്കുമെന്ന് യു.കെ സര്‍ക്കാര്‍ അറിയിച്ചു.