ലണ്ടന്‍:ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയം നിലച്ച യുവതി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആറ് മണിക്കൂറിന് ശേഷമാണ് യുവതിയുടെ ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചത്. മെഡിക്കല്‍ സയന്‍സില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായാണ് ഡോക്‌ടര്‍മാര്‍ ഇതിനെ വിലയിരുത്തുന്നത്.
ഹൃദയമിടിക്കാതെ ആറ് മണിക്കൂര്‍; ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി - ലണ്ടന്‍ വാര്‍ത്തകള്‍
ബാഴ്‌സലോണയില്‍ താമസിക്കുന്ന ആഡ്രേ മാര്‍ഷ് എന്ന ബ്രിട്ടീഷ് യുവതിയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ താമസിക്കുന്ന ആഡ്രേ മാര്‍ഷ് എന്ന ബ്രിട്ടീഷ് യുവതിയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. നവംബര്‍ മൂന്നിന് ഭര്‍ത്താവുമൊന്നിച്ച് സ്‌പെയിനില്‍ പര്‍വതാരോഹണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയുണ്ടായ മഞ്ഞുവീഴ്‌ചയിലാണ് ആഡ്രേ മാര്‍ഷിന് ഹൃദയാഘാതമുണ്ടായത്. ഹൃദയമിടിപ്പ് നിലച്ചതിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലാവുകയായിരുന്നു.
ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആഡ്രേയുടെ ശരീര താപനില വളരെയധികം താഴ്‌ന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വച്ച് ഹൃദയം വീണ്ടും പ്രവര്‍ത്തിക്കുകയായിരുന്നു. മലമുകളിലുണ്ടായിരുന്ന ചെറിയ താപനിലയാണ് യുവതിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്ന് ആഡ്രേയെ പരിശോധിച്ച ഡോക്‌ടര്‍ എഡ്വാര്‍ഡ് അഗ്യൂറോ പറഞ്ഞു. സ്‌പെയിനില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യം കൂടിയ ഹൃദയാഘാതമാണ് ആഡ്രേ മാര്‍ഷിനുണ്ടായിരിക്കുന്നതെന്നും ഡോക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.