ലണ്ടൻ: ബ്രിട്ടന്‍റെ കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പരിഷ്കരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുതിയ കൊവിഡ് -19 അലേർട്ട് സംവിധാനം ഞായറാഴ്ച ആരംഭിച്ചു. അഞ്ച് തലത്തിലുള്ള അലേർട്ട് സംവിധാനമാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ സംവിധാനമനുസരിച്ച് സാമൂഹിക അകലം പാലിക്കുന്നിടത്തോളം ആളുകൾക്ക് വീടിന് വെളിയിൽ കൂടുതൽ സമയം അനുവദിക്കും. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ നിരന്തരം നിരീക്ഷണം നടത്തും.
ബ്രിട്ടന്‍റെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പരിഷ്കരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ - ബ്രിട്ടൻ
ലോക്ക്ഡൗൺ ലഘൂകരണത്തിന്‍റെ രണ്ടാം ഘട്ടം ജൂൺ ഒന്നിനകം ആരംഭിക്കുമെന്നും ബോറിസ് ജോൺസൺ.
തിങ്കളാഴ്ച മുതൽ, ജനങ്ങൾക്ക് സാധ്യമായ ഇടങ്ങളിൽ നിന്ന് ജോലി തുടരാം. വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയാത്ത നിർമ്മാണ തൊഴിലാളികൾ പോലുള്ളവർക്കും മാനദണ്ഡങ്ങൾ പാലിച്ച് ജോലി പുനരാരംഭിക്കാൻ കഴിയും. എന്നിരുന്നാലും, എല്ലാ തൊഴിലാളികളോടും പൊതുഗതാഗതത്തിന്‍റെ ഉപയോഗം പരമാവധി ഒഴിവാക്കാനും നടത്തം, സൈക്ലിങ്ങ് പോലുള്ള പരിസ്ഥിതി സൗഹൃദ വഴികൾ ഉപയോഗിക്കാനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗൺ ലഘൂകരണത്തിന്‍റെ രണ്ടാം ഘട്ടം ജൂൺ ഒന്നിനകം ആരംഭിക്കുമെന്ന് ജോൺസൺ പറഞ്ഞു. ഘട്ടം ഘട്ടമായി കടകൾ വീണ്ടും തുറക്കുന്നതും വിദ്യാർഥികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഉൾപ്പെടും.
എന്നാൽ ഈ നിയമങ്ങൾ സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ വ്യത്യസ്തമായിരിക്കും. സ്‌കോട്ട്ലൻഡിൽ തിങ്കളാഴ്ച മുതൽ വ്യായാമം ചെയ്യുന്നതിനായി ജനങ്ങളെ നിബന്ധനകളില്ലാതെ പുറത്തിറങ്ങാൻ അനുവദിക്കുമെന്ന് സ്‌കോട്ടിഷ് മന്ത്രി നിക്കോള സ്റ്റർജിയൻ പറഞ്ഞു.