ലണ്ടന്‍:മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ യുറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ബ്രിട്ടന്‍റെ തീരുമാനം പാര്‍ലമെന്‍റില്‍ പാസായി. ഈ മാസം അവസാനത്തോടെ ബ്രക്‌സിറ്റ് നടപ്പാക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച ബില്‍ 231ന് എതിരെ 330 വോട്ടുകള്‍ക്കാണ് ഹൗസ് ഓഫ് കോമണ്‍സില്‍ പാസായത്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും സ്വമേധയാ പുറത്തുപോകുന്ന ആദ്യത്തെ രാജ്യമാവുകയാണ് ബ്രിട്ടണ്‍.
യുറോപ്യന്‍ യൂണിയനും, ബ്രിട്ടണും തമ്മിലുണ്ടായിരുന്ന 50 വര്‍ഷം നീണ്ട ബന്ധമാണ് ബ്രക്‌സിറ്റോടെ അവസാനിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍റെ നിയന്ത്രണത്തില്‍ നിന്നും രാജ്യത്തെ മുക്‌തമാക്കണമെന്ന പ്രഖ്യാപനവുമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രക്‌സിറ്റ് ബില്‍ അവതരിപ്പിച്ചത്. 2016 ല്‍ നടന്ന ഹിതപരിശോധനയില്‍ വിജയിച്ചിട്ടും ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയെടുക്കാന്‍ മുന്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്ക് കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആദ്യം മുതല്‍തന്നെ ബില്ലിനെ എതിര്‍ത്തു. പലപ്പോഴും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അകത്തുനിന്നും ബില്ലിനെ എതിര്‍ത്ത് എംപിമാര്‍ രംഗത്തെത്തിയിരുന്നു. അതുകൊണ്ടാണ് മൂന്ന് തവണ ബില്‍ പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടതും തെരേസ മേ രാജിവച്ചതും.
പിന്നാലെ താത്കാലിക പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ബോറിസ് ജോണ്‍സണ്‍ തെരേസ മേയുടേതിന് സമാനമായ നിലപാടാണ് സ്വീകരിച്ചത്. യൂറോപ്യന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തെ എതിര്‍ക്കുകയാണെങ്കില്‍ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച ജയം സ്വന്തമാക്കിയത് ബോറിസ് ജോണ്‍സണ്‍ ആത്‌മവിശ്വാസം നല്‍കി. 650 സീറ്റുകളിൽ 365 എണ്ണം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്വന്തമാക്കിയപ്പോള്‍ ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രിയായി. മറുവശത്ത് 203 സീറ്റുകള്‍ മാത്രമേ ലേബര്‍ പാര്‍ട്ടിക്ക് നേടാനായുള്ളു. പിന്നാലെ ബ്രക്‌സിറ്റ് ഉടന്‍ നടപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ തറപ്പിച്ചു പറഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള വ്യാപകമായി കുടിയേറ്റത്തിന് ബ്രക്സിറ്റ് കടിഞ്ഞാണിടും. മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതും ഉയർന്ന നൈപുണ്യമുള്ളവർക്ക് അവരുടെ ദേശീയത കണക്കിലെടുക്കാതെ മുൻഗണന നൽകുന്നതുമായ ഇമിഗ്രേഷൻ സംവിധാനമാണ് ബ്രക്‌സിറ്റിലൂടെ വിഭാവന ചെയ്യുന്നത്. ഇത് ഇന്ത്യയടക്കമുള്ള യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങള്‍ ഏറെ ആശ്വാസം പകരുന്നതാണ്. പുതിയ നടപടി പ്രകാരം ഇന്ത്യക്കാരായ ഉദ്യോഗസ്ഥർക്കും യൂറോപ്യൻ യൂണിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കും ബ്രിട്ടണില്‍ തുല്യ പരിഗണന ലഭിക്കും.
ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബ്രിട്ടന്‍റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനമായി കുറയുമെന്നും കണക്കാക്കുന്നു. യൂറോപ്യൻ യൂണിയൻ, യുഎസ്എ, ചൈന, ഇന്ത്യ, എന്നീ രാജ്യങ്ങളോടൊപ്പം നിലനില്‍ക്കാൻ ബ്രിട്ടന് പുതിയ സാമ്പത്തിക തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും.