ജെനീവ: 2020ൽ നാലിൽ ഒരാൾക്ക് പോലും ശുദ്ധമായ കുടിവെള്ളം ലഭിച്ചിരുന്നില്ലെന്നും ലോകജനസംഖ്യയിൽ പകുതിയോളം പേർക്കും ജീവിക്കാൻ ശുചിത്വത്തോട് കൂടിയ അന്തരീക്ഷം ഉണ്ടായിരുന്നില്ലെന്നും ലോകാരോഗ്യ സംഘടനയും യുണിസെഫും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ട്. ശുചിത്വം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത കൊവിഡ് കാലത്ത് കൂടുതൽ ഉയർന്ന് കേട്ടതായും റിപ്പോർട്ടിൽ പറയുന്നു.
വെള്ളത്തിന്‍റെ ദൗർലഭ്യം
പകർച്ചവ്യാധിയുടെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള പത്ത് പേരിൽ മൂന്ന് പേർക്ക് വീടുകൾക്കുള്ളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ പോലും വെള്ളത്തിന്‍റെ ദൗർലഭ്യം മൂലം കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡും മറ്റ് പകർച്ചവ്യാധികളും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് കൈകഴുകൽ.
എന്നിട്ടും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വെള്ളം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാൽ പകർച്ചവ്യാധിക്ക് മുമ്പുതന്നെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾ വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതമനുഭവിക്കുകയാണെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ ഫോർ കൂട്ടിച്ചേർത്തു.