ജെനീവ (സ്വിറ്റ്‌സര്‍ലണ്ട്): റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ ഇതുവരെ 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്ര സഭ. റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ ആകെ 240 യുക്രൈന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യഥാർഥ കണക്കുകൾ ഇതില്‍ കൂടുതലാണെന്ന് വിശ്വസിക്കുന്നുവെന്നും യുഎന്‍ കൂട്ടിച്ചേര്‍ത്തു.
യുഎൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സാണ് (ഒസിഎച്ച്എ) കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തെ അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചത് ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതിയോ വെള്ളമോ ലഭിക്കാത്ത സാഹചര്യത്തിന് ഇടയാക്കിയെന്നും ഒസിഎച്ച്ഒ അറിയിച്ചു. വടക്ക്, കിഴക്ക്, തെക്കന്‍ യുക്രൈനിലാണ് ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയത്.