പാരീസ് : കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക രാഷ്‌ട്രങ്ങൾ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വായു മലിനീകരണത്തിന്‍റെ തോത് കുറഞ്ഞെന്ന് യുറോപ്യൻ സ്പേസ് ഏജൻസി. നോർത്തേൺ ഇറ്റലിയിലും ചൈനയിലെ ഹുബേ പ്രവിശ്യയിലും നൈട്രജൻ ഡയോക്സൈഡിന്‍റെ അളവിൽ കാര്യമായ കുറവുണ്ടായതായി എർത്ത് ഒമ്പ്‌സർവേഷൻ സാറ്റ്ലൈറ്റ് കണ്ടെത്തി. ജനുവരി ഒന്നു മുതൽ മാർച്ച് 11 വരെയുള്ള ചിത്രങ്ങളാണ് യുറോപ്യൻ സ്പേസ് ഏജൻസി പുറത്തു വിട്ടത്.
കൊവിഡ് ഇഫക്‌ട്; വായു മലിനീകരണം കുറഞ്ഞെന്ന് റിപ്പോർട്ട് - ഹുബെ പ്രവിശ്യ
ഇറ്റലിയിലെയും ചൈനയിലെ ഹുബെ പ്രവിശ്യയിലുമാണ് അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡിന്‍റെ അളവിൽ കുറവ് വന്നതായി യുറോപ്യൻ സ്പേസ് ഏജൻസി കണ്ടെത്തിയത്.
കൊവിഡിനെ തുടർന്ന് ട്രാഫിക് കുറഞ്ഞതും വ്യവസായങ്ങൾ അടച്ചതുമെല്ലാമാണ് മലിനീകരണം കുറയാൻ കാരണമായതെന്നും എന്നാൽ കാലാവസ്ഥയിൽ വന്ന മാറ്റം അടക്കം മറ്റു ചില ഘടകങ്ങൾ കൂടി മലിനീകരണം കുറയാൻ കാരണമായിട്ടുണ്ടെന്നും യുറോപ്യൻ സ്പേസ് ഏജൻസിയുടെ ഭൂമി നിരീക്ഷണ പരിപാടികളുടെ ഡയറക്ടർ ഇമോനെറ്റ ചെല്ലി പറഞ്ഞു. കൊവിഡ് ഗുരുതരമായി ബാധിച്ച യുറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ചൈനയിലെ ഹുബെ പ്രവിശ്യയിലും ഇറ്റലിയിലും ലോക്‌ഡൗൺ നടപ്പിലാക്കിയതോടെയാണ് മലിനീകരണ തോതിൽ കുറവ് സംഭവിച്ചതെന്നും ഇമോനെറ്റ ചെല്ലി പറഞ്ഞു.