കോസിസെ (സ്ലൊവാക്യ): 400ഓളം ഇന്ത്യൻ വിദ്യാർഥികൾ കൂടി യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചതായി സ്ലോവാക്യയിലെ ഇന്ത്യൻ അംബാസഡർ വൻലാൽഹുമ. ഇതിനകം രണ്ട് വിമാനങ്ങളിലായി 400 പേർ ഇന്ത്യയിലേക്ക് തിരിച്ചുവെന്നും രണ്ട് വിമാനങ്ങൾ കൂടി ഇന്ന് (മാർച്ച് 04) തിരിക്കാനുണ്ടെന്നും ഒരു വിമാനം നാളെ (മാർച്ച് 05) എത്തിയേക്കുെമന്നും വൻലാൽഹുമ വ്യക്തമാക്കി.
ഇന്ന് രാവിലെ 188 വിദ്യാർഥികളുമായി ഒരു സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. കൂടാതെ ഉച്ചകഴിഞ്ഞ് 210 വിദ്യാർഥികളുമായി ഒരു ഇന്ത്യൻ എയർഫോഴ്‌സ് വിമാനം കൂടി പുറപ്പെടുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
ALSO READ:ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാക്കി റഷ്യ
ഓപ്പറേഷൻ ഗംഗ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോജിസ്റ്റിക്‌സ്, വിദ്യാർഥികൾക്കുള്ള താമസം, ഗതാഗതം എന്നിവയാണ് സ്ലൊവാക്യൻ അതിർത്തി കടക്കുന്നതിന് പ്രധാനമായും ഇന്ത്യക്കാർ നേരിടുന്ന വെല്ലുവിളികൾ. എന്നാൽ ഈ വെല്ലുവിളികളെ കഴിയുന്നത്ര മികച്ച രീതിയിൽ നേരിടാൻ തങ്ങൾക്ക് കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ അഭയാർഥികൾക്കായി ഏറ്റവും മികച്ച രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിലും പരാമാവധി നല്ല രീതിയിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
അടുത്ത രണ്ട്-മൂന്ന് ദിവസങ്ങൾക്കുള്ളിൽ എല്ലാ ഇന്ത്യൻ വിദ്യാർഥികളും സ്ലൊവാക്യ വിടും. ഇപ്പോൾ പോലും ചില വിദ്യാർഥികൾ പല വിധത്തിൽ കബളിപ്പിക്കപ്പെടുന്നുണ്ട്. എല്ലാവരും സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.