ലണ്ടന്‍:യുകെയില്‍ ഇന്ത്യന്‍ വംശജനായ എണ്‍പത്തേഴുകാരന്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യ വ്യക്തികളിലൊരാളാകും. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഹരി ശുക്ലയാണ് വാക്‌സിന്‍ സ്വീകരിക്കുന്ന ലോകത്തിലെ തന്നെ ആദ്യ വ്യക്തിയാകാനൊരുങ്ങുന്നത്. ചൊവ്വാഴ്‌ച ന്യൂകാസ്റ്റിലിലെ ആശുപത്രിയില്‍ അദ്ദേഹം ഫൈസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും. ആദ്യത്തെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയെന്നത് തന്‍റെ കടമയാണെന്ന് ടൈന്‍ ആന്‍റ് വിയര്‍ സ്വദേശി ഹരി ശുക്ല പറഞ്ഞു. ചൊവ്വാഴ്‌ച വാക്‌സിന്‍ ഡേ ആയി ആചരിക്കുകയാണ് ബ്രിട്ടന്‍. വലിയ മുന്നേറ്റമെന്നാണ് ബോറിസ് ജോണ്‍സണ്‍ വാക്‌സിന്‍ വിതരണത്തെ വിശേഷിപ്പിച്ചത്. യുകെയിലെ വാക്‌സിനേഷന്‍, ഇമ്മ്യൂണൈസേഷന്‍ സംയുക്ത സമിതിയുടെ മാനദണ്ഡമനുസരിച്ചാണ് എന്‍എച്ച്എസ് വാക്‌സിന്‍ വിതരണത്തിനുള്ള ആളുകളെ തെരഞ്ഞെടുക്കുന്നത്. 80 വയസിന് മുകളിലുള്ളവര്‍, കെയര്‍ ഹോം വര്‍ക്കര്‍മാര്‍, എന്‍എച്ച്‌എസ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
യുകെയില്‍ ഇന്ത്യന്‍ വംശജന്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യ വ്യക്തികളിലൊരാളാകും - കൊവിഡ് 19
ഇന്ത്യന്‍ വംശജനായ എണ്‍പത്തേഴുകാരനാണ് ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ വ്യക്തികളിലൊരാളാകാനൊരുങ്ങുന്നത്. ചൊവ്വാഴ്‌ച ന്യൂകാസ്റ്റിലിലെ ആശുപത്രിയില്‍ വെച്ച് അദ്ദേഹം ഫൈസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും.
രാജ്യത്തിന്‍റെ കൊവിഡ് പോരാട്ടത്തില്‍ ഇന്ന് ഒരു വലിയ മുന്നേറ്റമാണ് നടക്കുന്നത്. രാജ്യമെമ്പാടും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രോഗികളില്‍ വാക്‌സിന്‍ നല്‍കുമെന്നും വാക്‌സിന്‍ വികസിപ്പിച്ച ഗവേഷകരില്‍ അഭിമാനമുണ്ടെന്നും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വാക്‌സിന്‍ ട്രയലില്‍ പങ്കെടുത്തവര്‍, എന്‍എച്ച്‌എസ് ജീവനക്കാര്‍ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാന്‍ സമയമെടുക്കുമെന്നും അതുവരെ ജനങ്ങള്‍ ജാഗ്രത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍ 50 ആശുപത്രികളിലാണ് വാക്‌സിന്‍ വിതരണം നടത്താന്‍ എന്‍എച്ച്‌എസ് തീരുമാനിച്ചിരിക്കുന്നത്. ബെല്‍ജിയത്തിലെ ഫൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വാക്‌സിന്‍ തുടര്‍ന്നുള്ള ആഴ്‌ചകളിലെത്തുന്നതോടെ വാക്‌സിന്‍ വിതരണം പുരോഗമിക്കും.
80 വയസിന് മുകളിലുള്ളവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു തുടങ്ങും. കഴിഞ്ഞ ആഴ്‌ചയാണ് ഫൈസര്‍/ബയോന്‍ടെക് വാക്‌സിന് രാജ്യത്തെ മെഡിസിന്‍ ഹെല്‍ത്ത്കെയര്‍ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സി അനുമതി നല്‍കിയത്. രണ്ട് ഡോസുകളിലായാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യത്തെ ഡോസ് കഴിഞ്ഞ് 21 ദിവസത്തിന് ശേഷം അടുത്ത ഡോസ് നല്‍കും. രണ്ടാം ഡോസ് സ്വീകരിച്ച് ഏഴ് ദിവസത്തിന് ശേഷം ശരീരം ശക്തമായ രോഗപ്രതിരോധ ശേഷി കാണിച്ചുതുടങ്ങുമെന്ന് വിദഗ്‌ധര്‍ പറയുന്നു. -70 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. പുതുവര്‍ഷാരംഭത്തോടെ കൂടുതല്‍ ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.