സുമി:യുദ്ധഭൂമിയായ യുക്രൈനിലെ സുമി നഗരത്തിൽ നിന്ന് 650ലധികം ഇന്ത്യൻ വിദ്യാർഥികളെ ചൊവ്വാഴ്‌ച ഒഴിപ്പിച്ചു. ബസുകളിൽ പോൾട്ടാവയിലെത്തിച്ച വിദ്യാർഥികൾ പ്രത്യേക ട്രെയിനുകളിൽ അതിർത്തി കടത്തും. തുടർന്ന് ഇവരെ പ്രത്യേക വിമാനങ്ങളിൽ നാളെ (10.3.2022) ഇന്ത്യയിലേക്കും മറ്റുള്ളവരെ അതത് രാജ്യങ്ങളിലേക്കും എത്തിക്കും.
സുമി ഒഴിപ്പിക്കലിന്‍റെ നാൾവഴികൾ
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ സുമിയിൽ ഇന്ത്യയിലെ അടക്കം വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും വേദിയായി സുമി മാറുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി, റഷ്യ-യുക്രൈൻ സൈന്യങ്ങൾ തമ്മിലുള്ള ഷെല്ലാക്രമണത്തിനും തുടർച്ചയായ വെടിവയ്പ്പിനും സുമി സാക്ഷ്യം വഹിക്കുകയാണ്. ഇതിനിടയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരും മറ്റ് അന്താരാഷ്‌ട്ര വിദ്യാർഥികളും സോഷ്യൽ മീഡിയ വഴി തങ്ങളെ ഒഴിപ്പിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ യുദ്ധമേഖലയിൽ ഒഴിപ്പിക്കലിനുള്ള സുരക്ഷിതമായ പാതയില്ലാത്തതിനാൽ ഇന്ത്യൻ മിഷനും ടീം അംഗങ്ങളും തീർത്തും നിസഹായരായിരുന്നു. ഒരു ഘട്ടത്തിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിന് പോലും ബുദ്ധിമുട്ട് നേരിട്ടു. മാത്രമല്ല, റഷ്യയും യുക്രൈനും വെടിനിർത്തൽ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ നഗരത്തിലും പരിസരത്തും തുടർച്ചയായ ബോംബാക്രമണങ്ങൾ ഉണ്ടായി.
അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ച മാർച്ച് ഏഴിന്, തുടർച്ചയായ ഷെല്ലാക്രമണവും നിരവധി അപകടസാധ്യതകളും ഉൾപ്പെട്ടതിനാൽ വിദ്യാർഥികളെ സുരക്ഷിതമായ മാർഗത്തിലൂടെ ഒഴിപ്പിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടുവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും വിദ്യാർഥികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. ഉന്നതതലത്തിൽ വിഷയം കൈകാര്യം ചെയ്തു.