സ്‌പെയിനില്‍ വെള്ളപ്പൊക്കം; മരണം അഞ്ചായി - ഒറിഹ്വേല
കനത്ത മഴ പ്രദേശത്തെ ഗതാഗത സംവിധാനങ്ങളും താറുമാറാക്കി. റോഡ് ഗതാഗതം പൂര്‍ണമായും നിലച്ച നിലയില്‍. വിവിധ ഭാഗങ്ങളില്‍ നിന്നായി 3500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
![സ്‌പെയിനില്‍ വെള്ളപ്പൊക്കം; മരണം അഞ്ചായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4436149-1040-4436149-1568442747085.jpg)
ഒറിഹ്വേല (സ്പെയിന്‍): കിഴക്കന്‍ സ്‌പെയിനില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. വിവിധ ഭാഗങ്ങളില്‍ നിന്നായി 3500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ പുഴകള്‍ കരവിഞ്ഞതോടെ വലന്‍സിയ, മുറീഷ്യ എന്നിവിടങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലായി. പലയിടങ്ങളിലും കാറുകള്‍ ഒഴുകിപോകുന്ന സാഹചര്യമാണുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളില്‍ മൂന്നൂം ഒഴുകിപ്പോയ വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരാണ്.
കനത്ത മഴ പ്രദേശത്തെ ഗതാഗത സംവിധാനങ്ങളും താറുമാറാക്കി. റോഡ് ഗതാഗതം പൂര്‍ണമായും നിലച്ച നിലയിലാണ്. മുറീഷ്യ, അല്‍മേരിയ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചു. റെയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്.
പ്രദേശത്തെ ഭൂരിഭാഗം സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. വലന്‍സിയയില്‍ മാത്രം 689,000 കുട്ടികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്
ആയിരത്തോളം സുരക്ഷാ ജീവനക്കാരെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്. ബോട്ടുകളും, ഹെലികോപ്‌റ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.