മോസ്‌കോ: ഇന്ത്യൻ വിദ്യാർഥികളെയും മറ്റ് വിദേശികളെയും യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നതിനായി 130 ബസുകൾ റഷ്യ സജ്ജമാക്കിയതായി റഷ്യൻ നാഷണൽ ഡിഫൻസ് കൺട്രോൾ സെന്‍റർ തലവൻ കേണൽ ജനറൽ മിഖായേൽ മിസിന്‍റ്‌സെവ് വ്യാഴാഴ്‌ച അറിയിച്ചു. യുക്രൈനിലെ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലേക്കാണ് വിദ്യാർഥികളെ മാറ്റുന്നത്.
വ്യാഴാഴ്‌ച രാവിലെ ആറ് മണി മുതൽ പുറപ്പെടുന്ന ബസുകൾ ബെൽഗൊറോഡ് മേഖലയിലെ നെഖോട്ടെവ്‌ക, സുഡ്‌ജ അതിർത്തികളിലേക്ക് ഇന്ത്യൻ വിദ്യാർഥികളെയും മറ്റ് വിദേശ പൗരരെയും എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഇവിടെ നിന്നും തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് എത്തിക്കാൻ റഷ്യൻ സൈനിക വിമാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി കേണൽ മിസിന്‍റ്‌സെവ് വ്യക്തമാക്കി.