സന: യെമനിലെ തുറമുഖ നഗരമായ ഏദനില്‍ സൈനികർക്ക് നേരെ നടന്ന ഇരട്ട ആക്രമണങ്ങളില്‍ 49 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 48 യെമൻ സൈനികർക്ക് പരിക്കേറ്റതായും പലരുടെയും അവസ്ഥ ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
യെമനിലെ ഹൂതി ആക്രമണത്തില്‍ 49 പേർ കൊല്ലപ്പെട്ടു - ഹൂതി ആക്രമണം
ബൂറൈഗ ജില്ലയിലെ സൈനിക ക്യാമ്പിലും ഷെയ്ഖ് ഒത്മാനിലെ പൊലീസ് സ്റ്റേഷനിലുമാണ് ആക്രമണമുണ്ടായത്
ബൂറൈഗ ജില്ലയിലെ സൈനിക ക്യാമ്പില്‍ ഹൂതി വിമതർ നടത്തിയ മിസൈല്‍ ആക്രണത്തില്‍ പുതുതായി റിക്രൂട്ട് ചെയ്ത 39 സൈനികരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ യെമന്‍ സൈന്യത്തിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറുമുണ്ടെന്ന് സൂചനയുണ്ട്. അതേ സമയം രണ്ടാമത് നടന്ന ചാവേറാക്രമണത്തില്‍ 13 പൊലീസുകാർ കൊല്ലപ്പെട്ടു. ഷെയ്ഖ് ഒത്മാനിലെ പൊലീസ് സ്റ്റേഷനെ ലക്ഷ്യമാക്കിയാണ് ചാവേർ ആക്രമണം നടന്നത്. ആക്രമണത്തില്‍ പൊലീസ് സ്റ്റേഷനും സമീപത്തെ കെട്ടിടങ്ങളും ഭാഗികമായി നശിച്ചു.
2014 സെപ്റ്റംബറില്‍ യെമന്‍റെ തലസ്ഥാനമായ സനാ അടക്കം നിരവധി പ്രദേശങ്ങൾ ഹൂത്തികൾ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ നാല് വർഷമായി ഹാദി സർക്കാരിന്‍റെ പിന്തുണയോടെ സൗദി അറേബ്യയും യുഎഇയും ഹൂതികൾക്കെതിരായ അറബ് സൈനിക സഖ്യത്തിന് നേതൃത്വം നൽകുകയാണ്.