സോൾ :യുക്രൈൻ അധിനിവേശം തുടരുന്ന റഷ്യക്കെതിരെ ലോക സംഘടനകളുടെ ഉപരോധം നീളുന്നു. ഏറ്റവും ഒടുവിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് റദ്ദാക്കി ലോക തായ്‌ക്വോണ്ടോ ഫെഡറേഷൻ. കൂടാതെ റഷ്യയിലും ബലാറുസിലും തായ്‌ക്വോണ്ടോ ഇവന്‍റുകൾ നടത്തില്ലെന്നും സംഘടന അറിയിച്ചു.
വിജയത്തേക്കാൾ വിലയേറിയതാണ് സമാധാനം എന്ന ലോക തായ്‌ക്വോണ്ടോ ദർശനത്തിനും മൂല്യങ്ങൾക്കും എതിരായാണ് റഷ്യ പ്രവർത്തിക്കുന്നത്. യുക്രൈനിലെ നിരപരാധികളുടെ ജീവന് നേരെയുള്ള ക്രൂരമായ ആക്രമണങ്ങളെ വേൾഡ് തായ്‌ക്വോണ്ടോ ശക്തമായി അപലപിക്കുന്നു. സംഘടന പ്രസ്‌താവനയിൽ പറഞ്ഞു.
കൂടാതെ ലോക തായ്‌ക്വോണ്ടോ ഇവന്‍റുകളിൽ റഷ്യയുടെ ദേശീയ പതാകയോ ദേശീയ ഗാനമോ പ്രദർശിപ്പിക്കില്ലെന്നും സംഘടന വ്യക്‌തമാക്കി. 2013 നവംബറിൽ ദക്ഷിണകൊറിയ സന്ദർശന വേളയിലാണ് ലോക തായ്‌ക്വോണ്ടോ ഫെഡറേഷൻ റഷ്യൻ പ്രസിഡന്‍റിന് ആദര സൂചകമായി ബ്ലാക്ക് ബെൽറ്റ് നൽകിയത്.
ALSO READ:യുക്രൈൻ ജനതയ്‌ക്ക് ഐക്യദാർഢ്യം ; റഷ്യക്ക് സമ്പൂർണ വിലക്കുമായി ഫിഫയും യുവേഫയും
അതേസമയം റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങളാണ് കായിക മേഖലയിൽ നിന്ന് ഉയർന്നുവരുന്നത്. റഷ്യൻ കായിക താരങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചിരുന്നു. കൂടാതെ റഷ്യൻ ടീമിനും റഷ്യൻ ക്ലബ്ബുകള്‍ക്കും ഫിഫയും യുവേഫയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ഗ്രാൻഡ്പ്രീ റദ്ദാക്കിയതായി ഫോർമുല വണ്ണും അറിയിച്ചിരുന്നു.