ജക്കാര്‍ത്തെ: ഏഷ്യാ പസഫിക് മേഖലയിലെ രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിന്‍ വിതരണം 2021 പകുതിയോ, അവസാനമോ ആകാമെന്ന് ഡബ്ല്യൂഎച്ച്ഒ. വാക്‌സിന്‍ നേരത്തെ എത്തുമെന്ന് ഉറപ്പു തരാന്‍ കഴിയില്ലെന്നും ആയതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഏഷ്യാ പസഫിക് മേഖലയിലെ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തെയില്‍ ഡബ്ല്യൂഎച്ച്ഒ റീജിയണല്‍ ഡയറക്‌ടര്‍ ഡോ തക്കേഷി കസായിയാണ് വാക്‌സിന്‍ വിതരണത്തെപ്പറ്റിയുള്ള പ്രതികരണമറിയിച്ചത്. ലോകത്താകെ വാക്‌സിന്‍ വിതരണത്തിനായുള്ള ഡബ്ല്യൂഎച്ച്ഒയുടെ കൊവാക്‌സ് പദ്ധതിയില്‍ പടിഞ്ഞാറന്‍ പസഫിക് മേഖലയിലെ രാജ്യങ്ങള്‍ ഭാഗമാണെന്നും വാക്‌സിന്‍ 2021 മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏഷ്യാ പസഫിക് മേഖലയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം 2021 പകുതിയോ, അവസാനമോ പ്രതീക്ഷിക്കാം; ഡബ്ല്യൂഎച്ച്ഒ
ലോകത്താകെ വാക്‌സിന്‍ വിതരണത്തിനായുള്ള ഡബ്ല്യൂഎച്ച്ഒയുടെ കൊവാക്‌സ് പദ്ധതിയില്‍ പടിഞ്ഞാറന്‍ പസഫിക് മേഖലയിലെ രാജ്യങ്ങള്‍ ഭാഗമാണെന്നും വാക്‌സിന്‍ 2021 മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതാണ്. വാക്‌സിന്‍ വിതരണം മാത്രം കൊവിഡിനെ തടയില്ലെന്നും സര്‍ക്കാരുകള്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും ഡബ്ല്യൂഎച്ച്‌ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ 37 രാജ്യങ്ങളിലായി 1.9 ബില്ല്യണ്‍ ജനങ്ങളാണുള്ളത്. കൊവിഡ് മഹാമാരി ലോകത്താകെ 74 മില്ല്യണിലധികം ജനങ്ങളെയാണ് ബാധിച്ചത്. 1,6 മില്ല്യണിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 41.9 മില്ല്യണ്‍ ജനങ്ങള്‍ കൊവിഡില്‍ നിന്നും ഇതുവരെ ലോകത്താകെ രോഗവിമുക്തി നേടി.