കാബൂൾ: കഴിഞ്ഞ 24 മണിക്കൂറിൽ അഫ്‌ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിലായി നടന്ന തീവ്രവാദി ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. 34 പേർക്ക് പരിക്കേറ്റു. പർവാൻ, നംഗർഹാൻ, കപിസ, പക്തിയ, ബാൾക്ക് തുടങ്ങിയ പ്രവിശ്യകളിലാണ് അക്രമം നടന്നത്. പർവാൻ പ്രവിശ്യയിൽ ഒരു ബസിൽ സ്ഥാപിച്ച ഐഇഡി ബോംബ് പൊട്ടി ഒരു അധ്യാപകനടക്കം നാലുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. നംഗർഹാർ പ്രവിശ്യയിലെ ഷിർസാദ് ജില്ലയിൽ ഞായറാഴ്‌ചയുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Also Read:നൈജീരിയയിൽ ഒരു സംഘം തോക്കുധാരികൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
അതേസമയം, അഫ്ഗാനിസ്ഥാന്‍റെ വടക്കുകിഴക്കൻ പ്രവിശ്യയായ കപിസയിൽ ഒരു കല്യാണ വീടിന് നേരെ ഉണ്ടായ മോർട്ടാർ ഷെല്ലാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലബാനാണ് ആക്രമണത്തിന് പിന്നിലെന്ന് കപിസ ഭരണകൂടം ആരോപിച്ചു. എന്നാൽ താലിബാൻ ഇതു നിഷേധിച്ചു. ഹെൽമണ്ട്, ഹെറാത്ത്, ബാഡ്‌ഗിസ്, പക്തിയ എന്നിവിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 12 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ മാസം മാത്രം താലിബാൻ ആക്രമണങ്ങളിൽ 248 സാധാരണക്കാരാണ് അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ കണക്കുകൾ താലിബാൻ തള്ളിയിരുന്നു. അഫ്‌ഗാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം തുടങ്ങിയത് മുതൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഭീകരാക്രമണങ്ങൾ വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്.