ടെഹ്‌റാൻ:അഫ്‌ഗാനിസ്ഥാനിലെ യുഎസ് സേനയുടെ പിന്മാറ്റത്തെ 'മഹത്തായ വിജയ'മെന്ന് വിശേഷിപ്പിച്ച് ഹുസൈൻ അക്‌ബറി. അഫ്‌ഗാനിസ്ഥാൻ പുതിയൊരു യുഗത്തിലേക്കാണ് കടക്കുന്നതെന്നും രാജ്യത്ത് യുഎസ് സേനയുടെ സാന്നിധ്യം വികസന മുരടിപ്പിലേക്കും അധികാര അനിശ്ചിതത്വത്തിലേക്കുമാണ് നയിച്ചതെന്നും ഹുസൈൻ അക്‌ബറി പറഞ്ഞു. ഇറാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് അസംബ്ലി ഓഫ് ഇസ്‌ലാമിക് എവേക്കനിങ്ങിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ഹുസൈൻ അക്‌ബറി.
20 വർഷത്തിന് ശേഷമാണ് അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പിന്മാറുന്നത്. ഇറാന്‍റെ നേതൃത്വത്തിൽ 'അഫ്‌ഗാനിസ്ഥാൻ, സുസ്ഥിര സമാധാനം, സുരക്ഷ' കോൺഫറൻസ് തിങ്കളാഴ്‌ച (ജൂലൈ 19) നടക്കാനിരിക്കുകയാണ്. വേൾഡ് അസംബ്ലി ഓഫ് ഇസ്‌ലാമിക് അവേക്കനിങ്ങാണ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്.
വേൾഡ് അസംബ്ലി ഓഫ് ഇസ്ലാമിക് എവേക്കനിങ്
അഫ്‌ഗാനിസ്ഥാനിലെ 40ൽ അധികം രാഷ്ട്രീയ നേതാക്കളും പാകിസ്ഥാൻ, റഷ്യ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാന്‍, തുർക്ക്മെനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും കോൺഫറൻസിൽ സംസാരിക്കുമെന്ന് ഹുസൈൻ അക്‌ബറി പറഞ്ഞു. കോൺഫറൻസിലൂടെ അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുലർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മധ്യസ്ഥതയിലൂടെ യുദ്ധം ഒഴിവാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും ഹുസൈൻ അക്‌ബറി കൂട്ടിച്ചേർത്തു.
അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാനായി അഫ്‌ഗാൻ സർക്കാർ പ്രതിനിധികളും പാർലമെന്‍റ് അംഗങ്ങളും താലിബാൻ പ്രതിനിധികളുമായുള്ള ചർച്ചക്ക് ഇറാൻ നേതൃത്വം വഹിച്ചിരുന്നു. ഈ മാസം ആദ്യത്തോടെയായിരുന്നു സമാധാന ചർച്ച നടന്നത്.
READ MORE:കാണ്ഡഹാർ കോൺസുലേറ്റിൽ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ച് ഇന്ത്യ