കേരളം

kerala

ETV Bharat / international

ഇന്ത്യക്കാരുടെ മോചനത്തിന് വഴിയൊരുക്കി അമേരിക്ക-താലിബാന്‍ ചര്‍ച്ച

ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ സന്തോഷം അറിയിച്ച് കേന്ദ്രം. മറ്റ് ബന്ധികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം.

By

Published : Oct 7, 2019, 2:39 AM IST

ഇന്ത്യക്കാരുടെ മോചനത്തിന് വഴിയൊരുക്കി അമേരിക്ക-താലിബാന്‍ ചര്‍ച്ച

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തോളമായി താലിബാന്‍റെ തടവില്‍ക്കഴിയുന്ന മൂന്ന് ഇന്ത്യാക്കാരെ മോചിപ്പിച്ചേക്കും. താലിബാനുമായി അമേരിക്ക നടത്തിയ സമാധാന ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സന്തോഷം അറിയിച്ചു. താലിബാന്‍റെ പിടിയിലുള്ള മറ്റ് ബന്ധികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം വടക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ ബഘ്ലാനില്‍ നിന്നും ഏഴ് ഇന്ത്യക്കാരെയാണ് താലിബാന്‍ തട്ടിക്കൊണ്ട് പോയത്. വൈദ്യുത പവര്‍ സ്റ്റേഷന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ എഞ്ചിനീയര്‍മാര്‍ അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ ഒരാളെ ഈ വര്‍ഷം ആദ്യം താലിബാന്‍ മോചിപ്പിച്ചിരുന്നു. മുംബൈയിലെ കെഇസി കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍.

പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വച്ചാണ് അമേരിക്കന്‍ പ്രതിനിധി സല്‍മായ് ഖലിസാദ്, താലിബാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. വിദേശികളായ തടവുകാരെ വിട്ടയക്കണമെന്ന് ചര്‍ച്ചയില്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മൂന്ന് ഇന്ത്യക്കാരെയും അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഓരോരുത്തരെയുമാണ് മോചിപ്പിക്കുന്നത്.

ബന്ധികളെ മോചിപ്പിക്കാന്‍ താലിബാന്‍ തയ്യാറായെന്ന് അമേരിക്കക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത ഖലിസാദ് തന്നെയാണ് വ്യക്തമാക്കിയത്. ബന്ധികളെ മോചിപ്പിക്കാനുള്ള താലിബാന്‍ നീക്കം സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ വേണ്ടിയാണെന്നാണ് വിലയിരുത്തുന്നത്. താലിബാനുമായി ഇനി സമാധാന ചര്‍ച്ചകള്‍ക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് ഒരു മാസത്തിന് ശേഷമാണ് താലിബാന്‍റെ മനംമാറ്റമെന്നതും ശ്രദ്ധേയമാണ്.

ABOUT THE AUTHOR

...view details