കേരളം

kerala

By

Published : Aug 30, 2020, 7:03 PM IST

ETV Bharat / international

ദക്ഷിണ ചൈനാക്കടൽ സൈനികവൽക്കരണം; ചൈനീസ് സ്ഥാപനങ്ങൾക്കും പൗരന്മാർക്കും യുഎസ് ഉപരോധം

ദക്ഷിണ ചൈനാക്കടലിനെ സൈനികവൽക്കരിച്ചതിനാൽ യു‌എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് നിരവധി ചൈനീസ് പൗരന്മാർക്കും യു‌എസ് വാണിജ്യ വകുപ്പ് 24 ചൈനീസ് സംരംഭങ്ങൾക്കും വ്യാപാര ഉപരോധവും ഏർപ്പെടുത്തിയ വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അരൂണിം ഭൂയാൻ എഴുതിയ ലേഖനം.

US slaps sanctions  Chinese nationals  South China Sea militarisation  ദക്ഷിണ ചൈനാക്കടൽ  സൈനികവൽക്കരണം  യുഎസ് ഉപരോധം
ദക്ഷിണ ചൈനാക്കടൽ സൈനികവൽക്കരണം; ചൈനീസ് സ്ഥാപനങ്ങൾക്കും പൗരന്‍മാര്‍ക്കും യുഎസ് ഉപരോധം

ന്യൂഡൽഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന യു‌എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെടുന്നതിന് മുന്നോടിയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് നിരവധി ചൈനീസ് പൗരന്മാര്‍ക്കും ചൈനീസ് സ്ഥാപനങ്ങൾക്കും കടുത്ത വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദക്ഷിണ ചൈനാ കടലിനെ ചൈന സൈനികവൽക്കരിച്ചതിനാൽ യു‌എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് നിരവധി ചൈനീസ് പൗരന്മാർക്കും യു‌എസ് വാണിജ്യ വകുപ്പ് 24 ചൈനീസ് സംരംഭങ്ങൾക്കും വ്യാപാര ഉപരോധവും ഏർപ്പെടുത്തി. "വലിപ്പം കണക്കിലെടുക്കാതെ എല്ലാ രാജ്യങ്ങളുടെയും പരമാധികാര അവകാശങ്ങളെ ഞങ്ങൾ മാനിക്കുന്നു, അന്താരാഷ്‌ട്ര നിയമത്തിന് അനുസൃതമായി സമാധാനം സംരക്ഷിക്കാനും സമുദ്രങ്ങളിലെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും ഞങ്ങൾ ശ്രമിക്കുന്നു," യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.

ദക്ഷിണ ചൈനാ കടലിനെ യുഎസ് പിന്തുണക്കുന്നുവെന്ന് വാദിച്ച പോംപിയോ, ചൈനീസ് വ്യക്തികൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങുമെന്ന് പറഞ്ഞു. ദക്ഷിണ ചൈനാ കടലിൽ വലിയ തോതിലുള്ള സമുദ്ര നികത്തലിലും, നിർമാണത്തിലും അല്ലെങ്കിൽ സൈനികവൽക്കരണത്തിലും പങ്കുള്ളവര്‍ക്കാണ് യു‌എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. "ഈ വ്യക്തികളെ ഇപ്പോൾ അമേരിക്കയിലേക്ക് കടക്കാൻ അനുവദിക്കില്ല, അവരുടെ അടുത്ത കുടുംബാംഗങ്ങളെയും വിസ നിയന്ത്രണങ്ങൾ ബാധിക്കും," പോംപിയോ പറഞ്ഞു. കൂടാതെ, വാണിജ്യ വകുപ്പ് 24 പി‌ആർ‌സി (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ എന്‍റിറ്റി പട്ടികയിൽ ചേർത്തു, അതിൽ ചൈന കമ്മ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനിയുടെ (സി‌സി‌സി‌സി) നിരവധി അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

ദക്ഷിണ ചൈനാക്കടലില്‍ തർക്കം നിലനില്‍ക്കുന്ന മൂവായിരത്തിലധികം ഏക്കര്‍ കടല്‍ ഭൂമി വീണ്ടെടുക്കാന്‍ 2013 മുതൽ ചൈന തങ്ങളുടെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ ഉപയോഗിച്ചുവെന്നും, തുടര്‍ന്ന് പ്രദേശത്തെ അസ്ഥിരപ്പെടുത്തുകയും, അയൽ രാജ്യങ്ങളുടെ പരമാധികാരത്തെ ചവിട്ടിമെതിക്കുകയും, പരിസ്ഥിതി നാശത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് പോംപിയോ പ്രസ്‌താവിച്ചു. സി‌സിസി‌സി പി‌ആർ‌സിയുടെ ദക്ഷിണ ചൈനാ കടലില്‍ വിനാശകരമായ ഡ്രെഡ്‌ജിംഗിന് നേതൃത്വം നൽകി. കൂടാതെ ബെയ്‌ജിങ് അതിന്‍റെ ആഗോള വൺ ബെൽറ്റ് വൺ റോഡ് (ഇപ്പോൾ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് അല്ലെങ്കിൽ ബി‌ആർ‌ഐ എന്നറിയപ്പെടുന്നു) പദ്ധതിയിലെ മുൻ‌നിര കരാറുകാരിൽ ഒരാളാണ് സി‌സി‌സി‌സി. "സി‌സി‌സി‌സിയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും ലോകമെമ്പാടും അഴിമതി, കവർച്ച ധനസഹായം, പരിസ്ഥിതി നാശം, മറ്റ് ദുരൂപയോഗങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ട്," പോംപിയോ കൂട്ടിച്ചേര്‍ത്തു.

"രാഷ്‌ട്ര വിപുലീകരണ അജണ്ട നടപ്പാക്കാൻ സിസിസിസിയെയും മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ആയുധങ്ങളായി ഉപയോഗിക്കാൻ ബെയ്‌ജിങ്ങിനെ അനുവദിക്കരുത്" ഇന്തോ -പസഫിക് മേഖലയിലെ, പ്രത്യേകിച്ച് ദക്ഷിണ ചൈനാ കടൽ മേഖലയിലെ ചൈനയുടെ പ്രാദേശിക തർക്കങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പോംപിയോ പറഞ്ഞു. "ദക്ഷിണ ചൈനാക്കടലിൽ ബെയ്‌ജിങ് അതിന്‍റെ നിർബന്ധ ബുദ്ധി നിർത്തുന്നത് വരെ അമേരിക്ക പ്രവർത്തിച്ചു കൊണ്ടിരിക്കും. ഈ അസ്ഥിര പ്രവർത്തനത്തെ ചെറുക്കുന്നതിൽ സഖ്യകക്ഷികളുമായും പങ്കാളികളുമായും ഞങ്ങൾ തുടര്‍ന്നും പ്രവര്‍ത്തിക്കും," അദ്ദേഹം പറഞ്ഞു. തെക്കൻ ചൈനാക്കടലിൽ ബെയ്‌ജിങ്ങിന്‍റെ ആധിപത്യപരമായ സമീപനത്തിനിടയിലാണ് പോംപിയോ പ്രസ്‌താവന നടത്തുന്നത്. ഈ വർഷമാദ്യം ഇന്ത്യയും ചൈനയും ലഡാക്ക് മേഖലയിൽ ശക്തമായ ഒരു അതിർത്തി സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നു.

ഇതിന്‍റെ ഫലമായി 45 വർഷത്തിനിടെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) ആദ്യമായി മരണങ്ങൾ സംഭവിക്കുകയും ആഗോള ആശങ്കകൾക്ക് കാരണമാവുകയും ചെയ്‌തു. കഴിഞ്ഞ മാസം, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) നാവികസേന ദക്ഷിണ ചൈനാക്കടലിൽ നാവിക അഭ്യാസങ്ങൾ ആരംഭിച്ചു. പാരസെൽ ദ്വീപുകൾക്ക് സമീപമുള്ള ചൈനയുടെ ഏറ്റവും പുതിയ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ, യുഎസ് ആണവ വാഹിനികളായ വിമാനവാഹിനിക്കപ്പലുകൾ ദക്ഷിണ ചൈനാ കടലിലേക്ക് വിന്യസിച്ചു. തെക്കൻ ചൈനാക്കടലിലെ ദ്വീപുകളായ സ്പ്രാറ്റ്ലി, പാരസെൽ ചൊല്ലിയുള്ള തർക്കങ്ങളിൽ ചൈന ഏര്‍പ്പെട്ടിരിക്കുന്നു. ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നിവയാണ് സ്പ്രാറ്റ്ലി ദ്വീപുകളിലെ മറ്റ് അവകാശവാദികൾ. പാരസെൽ ദ്വീപുകളുടെ മേല്‍ വിയറ്റ്നാമും തായ്‌വാനും അവകാശം ഉന്നയിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ ഷിപ്പിംഗ് റൂട്ടുകളിലൊന്നായ ദക്ഷിണ ചൈനാക്കടലിൽ ചൈന ഫിലിപ്പൈൻസിന്‍റെ അവകാശങ്ങൾ ലംഘിച്ചുവെന്ന് 2016 ൽ ഹേഗ് ആസ്ഥാനമായുള്ള പെർമനന്‍റ് കോർട്ട് ഓഫ് ആർബിട്രേഷൻ വിധിച്ചിരുന്നു. ഫിലിപ്പൈൻസിലെ മത്സ്യബന്ധനത്തിനും പെട്രോളിയം പര്യവേഷണത്തിലും ചൈന ഇടപെടുന്നുവെന്നും, വെള്ളത്തിൽ കൃത്രിമ ദ്വീപുകൾ നിർമിക്കുന്നുവെന്നും ചൈനീസ് മത്സ്യത്തൊഴിലാളികൾ ഈ മേഖലയിൽ മത്സ്യബന്ധനം നടത്തുന്നത് തടയുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി ആരോപിച്ചു.

കഴിഞ്ഞ മാസം, വിയറ്റ്നാമും ഫിലിപ്പൈൻസും ദക്ഷിണ ചൈനാക്കടലിൽ ചൈന തുടർച്ചയായി സമുദ്ര നിയമങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ചൈനയും ഫിലിപ്പൈൻസും തമ്മിലുള്ള ദക്ഷിണ ചൈനാ കടൽ കേസിൽ 2016 ലെ അന്താരാഷ്‌ട്ര ആർബിട്രൽ ട്രൈബ്യൂണൽ വിധിന്യായവുമായി യുഎസ് ശക്തമായി യോജിക്കുന്നുവെന്ന് പോംപിയോയുടെ പ്രസ്‌താവനയെത്തുടർന്ന് ഒരു മുതിര്‍ന്ന യു‌എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ പ്രത്യേകം അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ തീരദേശ രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വാഷിംഗ്ടൺ തുടർന്നും പിന്തുണ നൽകുമെന്നും, മറ്റ് അവകാശവാദികൾക്ക് ഓഫ്‌ഷോർ മറൈനിലേക്കുള്ള പ്രവേശനം തടയുന്നതിനായി ബെയ്‌ജിങ് നിർബന്ധിത തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള ആശങ്ക പ്രതിഫലിപ്പിക്കുമെന്നും സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമായ ഭൂമി വീണ്ടെടുക്കലും തർക്കം നിലനില്‍ക്കുന്ന ഔട്ട്പോസ്റ്റുകളുടെ സൈനികവൽക്കരണവും ബെയ്‌ജിങ് പിന്തുടർന്നു. ഇത് കടലിലെ പവിഴപ്പുറ്റുകൾക്ക് പരിഹരിക്കാനാകാത്ത നാശം വരുത്തി," സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.“യു‌എസ് എന്‍റിറ്റി പട്ടികയിൽ‌ ചേർ‌ക്കപ്പെടുന്നതിന്‍റെ അനന്തരഫലമായി, ചട്ടങ്ങൾക്ക് വിധേയമായിട്ടുള്ള ഏതൊരു വസ്‌തുവും, പ്രധാനമായും അമേരിക്കയിൽ‌ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നവ, വിദേശത്ത് നിർമിച്ച ചില ഇനങ്ങൾ‌ കയറ്റുമതി ചെയ്യുമ്പോഴോ അല്ലെങ്കിൽ രാജ്യത്തിനുള്ളില്‍ പോലും കൈമാറ്റം ചെയ്യപ്പെടുമ്പോഴോ, ഒരു നിർദിഷ്‌ട ലൈസൻസ് ആവശ്യമായി വരും," വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

"മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്‍റിറ്റി ലിസ്റ്റിലെ കക്ഷികൾക്ക് ചരക്കുകൾ, ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ അല്ലെങ്കിൽ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന പാർട്ടി ഒരു നിർദിഷ്‌ട ലൈസൻസിനായി അപേക്ഷിക്കേണ്ടി വരും. തുടർന്ന് ഞങ്ങൾ സംസ്ഥാന വകുപ്പുകളും മറ്റ് ഫെഡറല്‍ വകുപ്പുകളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും," ചൈനക്കെതിരായ ഏറ്റവും പുതിയ യുഎസ് നടപടി "ഇന്തോ പസിഫിക് പ്രദേശത്തെ എല്ലാ രാജ്യങ്ങളും തങ്ങളുടെ പരമാധികാരത്തിൽ സുരക്ഷിതവും അന്താരാഷ്‌ട്ര നിയമപ്രകാരം തർക്കങ്ങൾ പരിഹരിക്കുന്നതുമായ ഒരു പങ്കിട്ട കാഴ്‌ചപ്പാടിനെ പിന്തുണച്ചുകൊണ്ടാണ്" എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷം കണക്കിലെടുക്കുമ്പോൾ യു‌എസ് നടപടി ന്യൂഡൽഹിക്ക് നല്ല ഒരു വാര്‍ത്തയായി തോന്നും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ‌പിങ്ങിന്‍റെ രാഷ്‌ട്ര വിപുലീകരണ നയങ്ങൾക്ക് കീഴിൽ ചൈനയുടെ സ്വാധീനം വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ, ജപ്പാനിലെ കിഴക്കൻ തീരത്ത് നിന്ന് ആഫ്രിക്കയുടെ കിഴക്കൻ തീരത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഇന്തോ-പസഫിക് പ്രദേശത്ത് സമാധാനം, അഭിവൃദ്ധി, തുറന്ന ഷിപ്പിംഗ് ലൈനുകൾ എന്നിവക്കായി പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ക്വാഡിന്‍റെ ഭാഗമാണ് ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവ.

ABOUT THE AUTHOR

...view details