അഫ്‌ഗാനിസ്ഥാനില്‍ യുഎസ് വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടു - അഫ്‌ഗാന്‍ മനുഷ്യാവകാശ കമ്മിഷന്‍
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്. രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു
കാബൂൾ:പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ യുഎസ് വ്യോമാക്രമണത്തില്‍ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 10 പ്രദേശവാസികൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയില്‍ ഷിന്‍ഡാനാദിലാണ് ആക്രമണം നടന്നതെന്ന് അഫ്‌ഗാന്‍ മനുഷ്യാവകാശ കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ലാ നംഗ്യാലിയയുൾപ്പെടെയുള്ള 15 തീവ്രവാദികളും കൊല്ലപ്പെട്ടതായി ഹെറാത്ത് പ്രവിശ്യാ കൗൺസിൽ അംഗം വകിൽ അഹ്മദ് കരോഖി അറിയിച്ചു. അഫ്‌ഗാനിസ്ഥാന്‍റെ പകുതി നിയന്ത്രണവും ഇന്ന് താലിബാന്‍ സംഘത്തിന്‍റെ കീഴിലാണ്. താലിബാന്‍റെ നേതൃത്വത്തിലും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും നടത്തുന്ന ആക്രമണങ്ങളില്‍ പലപ്പോഴും നിരവധി അഫ്‌ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെടാറുണ്ട്.