കേരളം

kerala

ETV Bharat / international

തെരഞ്ഞെടുപ്പ് തിരിച്ചടി റിപ്പബ്ലിക്കുകൾ അതിജീവിക്കുമ്പോൾ... - ജോ ബൈഡൻ

1992നു ശേഷം ഇതാദ്യമായാണ് നിലവിലുള്ള ഒരു പ്രസിഡന്‍റ് രണ്ടാം തവണ തെരഞ്ഞെടുക്കാനുള്ള വോട്ട് തേടുന്നതിൽ പരാജയപ്പെടുന്നത്. 7.5 കോടി വോട്ടുകൾ നേടിക്കൊണ്ട് ബൈഡൻ ഒരു പ്രസിഡന്‍റ് സ്ഥാനാർഥി എക്കാലത്തും നേടുന്ന ഏറ്റവും വലിയ വോട്ടുകൾക്ക് ഉടമയായിരിക്കുന്നു

Trumpism to survive electoral setback: Political turbulence to beset US  തെരഞ്ഞെടുപ്പ് തിരിച്ചടി റിപ്പബ്ലിക്കുകൾ അതിജീവിക്കുമ്പോൾ...  റിപ്പബ്ലിക്ക്  ജോ ബൈഡൻ  തെരഞ്ഞെടുപ്പ് തിരിച്ചടി
ട്രംപ്

By

Published : Nov 11, 2020, 10:26 PM IST

യുഎസിന്‍റെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ നേടിയ വിജയത്തെ തുടർന്ന് ഉണ്ടായ വിജയാഹ്ലാദങ്ങൾ തല്ലിക്കെടുത്തുന്നതായി തോന്നാം ഇത്. തീർച്ചയായും യുഎസിലെ 59-ാം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിരവധി നേട്ടങ്ങൾ കൈവരിച്ച ഒന്നായി മാറിയിരിക്കുന്നു. 1992നു ശേഷം ഇതാദ്യമായാണ് നിലവിലുള്ള ഒരു പ്രസിഡന്‍റ് രണ്ടാം തവണ തെരഞ്ഞെടുക്കാനുള്ള വോട്ട് തേടുന്നതിൽ പരാജയപ്പെടുന്നത്. 7.5 കോടി വോട്ടുകൾ നേടിക്കൊണ്ട് ബൈഡൻ ഒരു പ്രസിഡന്‍റ് സ്ഥാനാർഥി എക്കാലത്തും നേടുന്ന ഏറ്റവും വലിയ വോട്ടുകൾക്ക് ഉടമയായിരിക്കുന്നു. 2008ൽ ബരാക് ഒബാമ നേടിയ 6.95 കോടി വോട്ടുകളായിരുന്നു ഇതുവരെ നേടിയ ഏറ്റവും വലിയ നേട്ടം. അതുപോലെ വോട്ടെടുപ്പ് ദിവസത്തിന് വളരെ മുമ്പ് തന്നെ വളരെ അധികം വോട്ടുകൾ, അതും മെയിൽ വഴി രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പുമായിരുന്നു ഇത്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നിരവധി സംസ്ഥാനങ്ങൾ ഇ-മെയിൽ വോട്ടുകൾ രേഖപ്പെടുത്തുന്നതിനുള്ള നിബന്ധനകളിൽ ഇളവ് നൽകിയിരുന്നു. മെയിൽ വഴിയുള്ള ബാലറ്റുകൾ വളരെ അധികം രേഖപ്പെടുത്തിയതിനാൽ ചില ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ വോട്ടെണ്ണലും ഫലം പ്രഖ്യാപിക്കലും വൈകുകയും 2020 നവംബർ 7ന് അതായത് തെരെഞ്ഞെടുപ്പ് കഴിഞ്ഞ് നാലാം ദിവസവും പ്രമുഖ വാർത്താ മാധ്യമങ്ങൾ വിജയിയെ ഉയർത്തി കാട്ടുകയുമുണ്ടായില്ല. അതിലൊക്കെ ഉപരിയായി ജോ ബൈഡന്‍റെ കൂടെ മത്സരിച്ച കമല ഹാരിസ് യു എസിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന വെള്ളക്കാരിയല്ലാത്ത വൈസ് പ്രസിഡന്‍റായി മാറി എന്നതും വലിയ നേട്ടമായി.

തെരഞ്ഞടുപ്പ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിച്ച രീതിയില്‍ 59-ാം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ജനവിധി വേണ്ടത്ര വ്യക്തമോ അല്ലെങ്കില്‍ ഗംഭീരമോ അല്ലാതായിട്ടും ഈ നേട്ടങ്ങളൊക്കെ ഉണ്ടായി എന്നതാണ് സത്യം. പുതുതായി സ്ഥാനമേല്‍ക്കാന്‍ പോകുന്ന പ്രസിഡന്‍റ് 7 കോടിയിലധികം വോട്ടുകള്‍ നേടി എന്നുള്ള കാര്യം തീര്‍ച്ചയായും മനസ്സിനെ പിടിച്ചു കുലുക്കുന്ന ഒന്നാണ്. പ്രസിഡന്‍റ് ബരാക് ഒബാമ നേടിയ ജനപ്രീതി വോട്ടുകളേക്കാള്‍ കൂടുതലായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ ട്രംപ് തന്‍റെ നയങ്ങള്‍ കൂടുതല്‍ വിശാലമാക്കുന്നതിനാണ് പിന്തുണ നല്‍കിയിരുന്നത് എന്നത് 2016നും 2020നും ഇടയില്‍ ഉണ്ടായ വോട്ടിങ്ങ് രീതിയില്‍ വ്യക്തമായി കാണാമായിരുന്നു. 59-ാം പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയം ഏറ്റുവാങ്ങിയെങ്കിലും ട്രംപിനുള്ള ജനസമ്മതി വർധിക്കുകയാണ് ഉണ്ടായത്.

ഒട്ടേറെ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലുള്ള ഡെമോക്രാറ്റുകളുടെ ഈ വിജയം 2020 യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിലെ നിലവിലുള്ള അവസ്ഥ അടിവരയിട്ട് കാട്ടുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 18 സീറ്റുകള്‍ നേടി കൊണ്ട് ഇപ്പോള്‍ യുഎസ് സെനറ്റില്‍ മൊത്തം 48 സീറ്റുകള്‍ ഉള്ളവരായി മാറിയിരിക്കുന്നു. അതേസമയം 13 സീറ്റുകള്‍ നേടിയ ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍ 46 സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. രണ്ട് സീറ്റുകള്‍ സ്വതന്ത്രരാണ് കൈയ്യാളുന്നത്. യു എസ് സെനറ്റില്‍ 51 സീറ്റുകള്‍ വേണം ഭൂരിപക്ഷമായി കണക്കാക്കുന്നതിന്. ജോര്‍ജിയയില്‍ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളാണ് ഈ വിധി ഏതാണ്ട് തീരുമാനിക്കാന്‍ പോകുന്നത്. ഇവിടെ ഡെമോക്രാറ്റുകള്‍ക്ക് മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ 50 ശതമാനമോ അതില്‍ കൂടുതലോ വോട്ടുകൾ നേടാന്‍ കഴിഞ്ഞിട്ടില്ല. മാധ്യമ വിശകലന വിദഗ്ധരും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും എല്ലാം ട്രംപിന്‍റെ കാര്‍ണിവല്‍ ശൈലിയിലുള്ള പ്രചാരണങ്ങള്‍ക്കാണ് ഈ നേട്ടത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‍കുന്നത്. 2020 നവംബര്‍-3ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ അതേ ദിവസം തന്നെ ആളുകള്‍ ആവേശത്തോടെ നേരിട്ട് വോട്ട് ചെയ്യാന്‍ എത്താനിടയായതും ട്രംപിന്‍റെ വ്യക്തി പ്രഭാവം കൊണ്ടാണെന്ന് അവര്‍ വിലയിരുത്തുന്നു.

യുഎസ് ഒരു രാഷ്ട്രമായി മാറിയ കാലം തൊട്ടു തന്നെ അവിടത്തെ രാഷ്ട്രീയത്തിന്‍റെ ഭാഗമായി മാറിയിട്ടുള്ള ഗൂഢ ആദര്‍ശങ്ങളുമായുള്ള ട്രംപിന്‍റെ ബന്ധത്തിന്‍റെ മൗലികമായ ഒരു പ്രഭാവം എന്നുള്ള നിലയിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ഇത്രയധികം ആവേശത്തോടു കൂടി വോട്ട് ചെയ്യാനെത്തിയത്. അതു തന്നെയാണ് ട്രംപിന്‍റെ വിജയവും. നമ്മള്‍ മനസ്സിലാക്കുന്ന ട്രംപിസം എന്നുള്ള ആ ആദര്‍ശം ആഴത്തില്‍ വേരോടിയിട്ടുള്ള യാഥാസ്ഥിതിക ചിന്താഗതികളുടേയും വിശ്വാസങ്ങളുടേയും ആശയങ്ങളുടേയും ഒരു ആകെ തുകയാണ്. അതില്‍ വംശീയതയും ലിംഗ അനീതിയും വര്‍ഗ്ഗ അനീതിയും ശാസ്ത്രത്തോടുള്ള വിമുഖതയും ഒക്കെ ഉള്‍ക്കൊള്ളുന്നു. ഇത്തരത്തിലുള്ള നവ യാഥാസ്ഥിതിക ആവാസ വ്യവസ്ഥ ട്രംപ് സൃഷ്ടിച്ചിട്ടുള്ളതല്ല എന്നത് ഉറപ്പാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഈ ആശയങ്ങളെ തുന്നി ചേര്‍ക്കുന്നതില്‍ ഒരു പാലമായി വര്‍ത്തിച്ചത് അദ്ദേഹം തന്നെയാണ്. ഈ നവ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്‍റെ ഭൂപ്രകൃതി രൂപീകരിച്ചിരിക്കുന്നത് ഒരു നിര സംഘടനകളുടേയും സംഘങ്ങളുടേയും കൂട്ടായ്മയിലൂടെയാണ്. അവര്‍ തമ്മില്‍ വ്യവസ്ഥാപിതമായ ഒരു ബന്ധം ഉണ്ടാക്കി എടുക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്. വളരെ വിശാലമായ രീതിയില്‍ വ്യത്യസ്തമായ സംഘടനാ തത്വങ്ങള്‍ പാലിക്കുന്നവരാണ് അവര്‍. അവര്‍ക്ക് സമാനതകള്‍ വളരെ കുറവാണ്. മേല്‍ പറഞ്ഞ ഗൂഢ ആദര്‍ശങ്ങളോടുള്ള ആഭിമുഖ്യം മാത്രമാണ് അവരെ ഒരുമിപ്പിക്കുന്ന ഏക കാര്യം. ഒരുപറ്റം സംഘടനകളുടെ ഈ കൂട്ടായ്മയുടെ ഒരറ്റത്ത് അംഗീകൃതമായ നേതാവില്ലാത്ത ഒരു അരൂപിയായ സംഘമാണ് ഉള്ളത്. അവിടെ ഒരു രാഷ്ടീയ കേന്ദ്രമോ ഘടനാപരമായ ഒരു സംഘടനയോ ഇല്ല. അത്തരം സംഘങ്ങളുടെ ഒരു ഉത്തമ ഉദാഹരണമാണ് ക്യുഅനോണ്‍. എന്നാല്‍ ഈ കൂട്ടായ്മയുടെ നേരെ എതിരിലുള്ള അങ്ങേ അറ്റത്ത് വെള്ളക്കാരുടെ മേധാവിത്വത്തിനു വേണ്ടി നില കൊള്ളുന്ന അങ്ങേയറ്റം അച്ചടക്കത്തോടേയും പ്രവർത്തിക്കുന്ന പുരോഹിത വാഴ്ചയുള്ളതുമായ രഹസ്യ സംഘങ്ങളും വലതു പക്ഷ തീവ്ര സായുധ സംഘങ്ങളും ആണുള്ളത്. ഏറ്റവും ഒടുവിലായി പറയാനുള്ളത് ഇവര്‍ക്ക് വേണ്ടി നില കൊള്ളുന്ന റേഡിയോ ടോക്ക് ഷോകളും കേബിള്‍ വാര്‍ത്താ ശൃംഖലകളും തീവ്ര വലതു പക്ഷ വെബ് സൈറ്റുകളും ഒക്കെയാണ്. അതി തീവ്ര വലതു പക്ഷത്തിന്‍റെ വേദിയായി വര്‍ത്തിക്കുന്ന ബ്രെയ്റ്റ്ബാര്‍ട്ട് ന്യൂസ് എന്ന വെബ് സൈറ്റ് ഇതിന് ഒരു ഉദാഹരണമാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി നല്ല ഒരളവ് വോട്ടുകളും ലഭ്യമാക്കുമ്പോഴും ഈ ഗൂഢ ആദര്‍ശങ്ങളും അതിനോട് ആഭുമുഖ്യമുള്ളവരായ സംഘങ്ങളും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഭാഗമോ അതിന്‍റെ നിയന്ത്രണത്തിലുള്ളതോ അല്ല എന്നുള്ളതാണ് വസ്തുത. ഈ ബദൽ തീവ്ര ആശയക്കാരെ രാജ്യത്തെ മഹത്തായ ഈ പഴയ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നതിന് പൂര്‍ണ്ണമായും ചരടു വലിച്ചത് ട്രംപും അദ്ദേഹത്തിന്‍റെ വിശ്വസ്ത അനുയായികളും മാത്രമാണ്. ഇവിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മേലുള്ള ട്രംപിന്‍റെ നീരാളി പിടുത്തം പോലുള്ള സ്വാധീനത്തിന്‍റെ അടിസ്ഥാന കാരണം കുടികൊള്ളുന്നത്. അതുകൊണ്ടു തന്നെയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ അവസ്ഥയില്‍ നില്‍ക്കുമ്പോഴും ട്രംപിനും അദ്ദേഹത്തിന്‍റെ വിശ്വസ്ത വിധേയര്‍ക്കും പാര്‍ട്ടിയെ അവരുടെ കൈകള്‍ക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്താന്‍ കഴിയുന്നത്. അതു കൊണ്ടു തന്നെയാണ് ഡമോക്രാറ്റുകളുമായും, ശത്രുക്കളായി കാണുന്ന മറ്റുള്ളവരുമായും ഒരു ഏറ്റുമുട്ടലിന്‍റെ പാത തുടരുന്നതും. ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ട്രംപിന്‍റെ മുഖമുദ്രയായിരുന്ന വിഭജന രാഷ്ട്രീയം അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു ശേഷവും നില നില്‍ക്കാന്‍ പോകുന്നു.

യുഎസ്എയിലെ ഔദ്യോഗിക രാഷ്ടീയ പാര്‍ട്ടികളില്‍ ഉണ്ടായ നിര്‍ണായകമായ രൂപ-ഭാവ മാറ്റങ്ങള്‍ കണക്കിലെടുക്കാതെ പൂര്‍ണമാകുന്നില്ല നിലവിലുള്ള യു എസ് രാഷ്ട്രീയത്തിന്‍റെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ദുര്‍ബലതയെ വിശകലനം ചെയ്യല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കകത്തും ഡെമോക്രാറ്റിക് പാര്‍ട്ടിക്കകത്തും ഒരുപോലെ പ്രശ്‌ന മേഖലകള്‍ ഉടലെടുത്തു എന്നുള്ള കാര്യം ഇവിടെ നിര്‍ണായകമാണ്. 2016ലെ 58-ാം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മുതല്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ഒരുപോലെ മൗലിക വാദികളായ ഒരു വിഭാഗത്തിന്‍റെ ഭീഷണിക്ക് കീഴിലാണ് കഴിഞ്ഞു വരുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന്‍റെ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. അവരാകട്ടെ സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അതിവേഗത്തിലുള്ള മുന്നോട്ട് പോക്കുമായി ബന്ധപ്പെട്ട് അനുദിനം അക്ഷമരായി മാറി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷത്തിന്‍റെ ആകാംഷകളും അഭിലാഷങ്ങളും ശക്തിയുക്തം മുന്നോട്ട് കൊണ്ടു പോകുന്നത് സ്‌ക്വാഡ് ഡെമോക്രാറ്റുകളാണ്. അലക്‌സാണ്ട്രിയ ഒക്കാസിയോ-കോര്‍ടെസ്സ് (ന്യൂയോര്‍ക്ക്), ഇലാന്‍ ഒമര്‍ (മിന്നസോട്ട), അയാന പ്രസ്ലി (മസാച്യുസെറ്റ്‌സ്), റഷീദ ത്ളയിബ് (മിച്ചിഗണ്‍) എന്നിങ്ങനെ 2018ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ് തെരഞ്ഞെടുപ്പില്‍ വിജയിച്ച നാല് സ്ത്രീകള്‍ അടങ്ങുന്ന ഒരു സംഘമാണിത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കേന്ദ്ര സ്ഥാനം പിടിച്ചടക്കുവാനുള്ള വിജയിക്കാതെ പോയ രണ്ട് വെല്ലുവിളികള്‍ ഈ സംഘം ഉയര്‍ത്തി കഴിഞ്ഞിരിക്കുന്നു. പൊലീസ്, വൈദ്യ പരിപാലനം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളിലെ പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടിയും അതോടൊപ്പം തന്നെ തുല്യവും നീതിയുക്തവുമായ ഒരു വേതന ഘടനയ്ക്കു വേണ്ടിയും നടക്കുന്ന പ്രസ്ഥാനങ്ങളുടെ പ്രചോദന ശക്തിയായും ഈ സംഘം വര്‍ത്തിക്കുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിലവില്‍ തന്നെ ട്രംപിന്‍റെയും സ്റ്റീഫന്‍ കെവിന്‍ ബാന്നണിന്‍റെയും നേതൃത്വത്തിനു കീഴില്‍ ബദല്‍ വലതുപക്ഷ സംഘങ്ങള്‍ ഇപ്പോള്‍ തന്നെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. യാഥാസ്ഥിതികര്‍ക്ക് മുന്നില്‍ പാര്‍ട്ടിയുടെ വ്യവസ്ഥ ഇങ്ങനെ കീഴടങ്ങിയതിന്‍റെ ലക്ഷണമാണ് എബ്രഹാം ലിങ്കന്‍റെ ഈ പാര്‍ട്ടി പിന്നീട് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സഖ്യകക്ഷി രാഷ്ടീയ ആദര്‍ശങ്ങളുടെ അവശിഷ്ടങ്ങളുടെ വാഹകരായി മാറാന്‍ ഇടയായത്. ഈ വെല്ലുവിളികളെ നേരിടുന്ന കാര്യത്തില്‍ തികഞ്ഞ കഴിവുകേടാണ് ഈ രണ്ടു പാര്‍ട്ടിയിലേയും വ്യവസ്ഥകള്‍ പ്രദര്‍ശിപ്പിച്ചത്. തങ്ങളുടെ പാര്‍ട്ടിയിലെ ഇടതുപക്ഷത്തെ കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവു മൂലമാണ് വിജയിച്ചു എന്നു കരുതിയിരുന്ന 58-ആം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ പരാജയം ചോദിച്ചു വാങ്ങിയത്. സെനറ്റിലേക്കും ചില പ്രധാനപ്പെട്ട ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ കാര്യത്തിലും കണ്ട വോട്ടിങ്ങ് പ്രവണതകളില്‍ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കുറെയൊക്കെ കാരണമായി മാറിയത് പാര്‍ട്ടിയിലെ യാഥാസ്ഥിതിക സ്വഭാവം ആണെന്ന്. അരിസോണയിലും മെസാച്യുസെറ്റ്‌സിലും ബൈഡനുണ്ടായ വിജയം ജോണ്‍ മക്കയിന്‍, മിറ്റ് റോണി എന്നീ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ ചെലവില്‍ നേടിയതാണ്. ഡമോക്രാറ്റുകള്‍ കൂടുതല്‍ പരിഷ്‌കാരോൻമുഖ ഇടതുപക്ഷ അജണ്ടയിലേക്ക് തള്ളി നീക്കപ്പെടുമ്പോള്‍, ബദല്‍ വലതുപക്ഷ തീവ്ര രാഷ്ട്രീയം റിപ്പബ്ലിക്കന്മാരെ സാംസ്‌കാരിക യുദ്ധങ്ങളുടേതായ രാഷ്ട്രീയത്തിലേക്കും തള്ളി വിടുന്നു എന്നുള്ളതാണ് ഈ വെല്ലുവിളികളുടെയെല്ലാം പൊതുവായ ഫലം.

ബൈഡന്‍ എന്ന ധാര്‍മിക വാദിയെ തെരഞ്ഞെടുത്തു എങ്കിലും യുഎസ്സിലെ ആഭ്യന്തര രാഷ്ടീയത്തില്‍ വളര്‍ന്നു വലുതായി കൊണ്ടിരിക്കുന്ന ഈ ഗര്‍ത്തം മറച്ചു വെയ്ക്കുവാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു. മഹാമാരിക്കിടയിലും അനിതര സാധാരണമാം വിധം വോട്ടര്‍മാര്‍ വോട്ടു ചെയ്യാന്‍ തയ്യാറായത് ഉയര്‍ത്തുന്ന കത്തുന്ന ചോദ്യങ്ങള്‍ ബൈഡന്‍ ഭരണകൂടത്തിന് ഒട്ടും തന്നെ അവഗണിക്കുവാന്‍ കഴിയുന്നവയല്ല. കൊവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട പൊതു ജനാരോഗ്യ നടപടികളില്‍ നിര്‍ണായകമായ ഒരു നീക്കം, വെള്ളക്കാരല്ലാത്തവരോടുള്ള അസന്തുലിതമായ പൊലീസ് നടപടികളോടുള്ള വളര്‍ന്നു വരുന്ന രോഷത്തിന്‍റെ വെളിച്ചത്തില്‍ പൊലീസില്‍ വലിയ പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള നടപടികൾ, കുടിയേറ്റ നിയമങ്ങളില്‍ ഇളവുകൾ എന്നിവ ബൈഡന്‍റെ ഭരണകൂടത്തില്‍ നിന്നുണ്ടായാൽ അതായിരിക്കും തെരുവു യുദ്ധങ്ങളില്‍ വികാരവും അക്രമവും ഒക്കെ തൊടുത്തു വിടുവാന്‍ കാരണമാകാന്‍ പോകുന്നത്. യു എസ്സിന്‍റെ സ്ഥാപക നേതാക്കന്മാര്‍ ലോകത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ഒരു പ്രതീകമായാണ് ഈ രാഷ്ട്രത്തെ ഭാവനയില്‍ കണ്ടത്. വലിയ ഒരു കുന്നിന്‍ മുകളിലെ തിളങ്ങി നില്‍ക്കുന്ന നഗരം പക്ഷെ നിലവിലെ പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍ അത് തീ പിടിച്ച ഒരു വീടായി ചുരുങ്ങി കഴിഞ്ഞിരിക്കുന്നു.

അപ്പോൾ ഇതൊക്കെ നമ്മളെ ഉല്‍കണ്ഠപ്പെടുത്തുന്നുണ്ടോ? ചൈന ഒരു അതിഭയങ്കര ശക്തിയായി മാറുവാന്‍ കഴിവുള്ള ഒരു രാജ്യമാണ് എന്ന പശ്ചാത്തലത്തില്‍ ബഹുതല വ്യവസ്ഥകളുടെ നേതൃത്വം തിരിച്ചു പിടിക്കുവാന്‍ ഇങ്ങനെ തീര്‍ത്തും വിഭജിക്കപ്പെട്ട ഒരു യു എസ്സിന് കഴിയുമോ എന്നുള്ള കാര്യം ഏവരും ചിന്തിക്കാതെ പോകില്ല.

ABOUT THE AUTHOR

...view details