ഒട്ടാവ: ജസ്റ്റിന്‍ ട്രൂഡോ രണ്ടാം തവണയും കാനഡയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ട്രൂഡോയുടെ ജയം. 14 സീറ്റുകള്‍ക്കാണ് ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടത്.
ട്രൂഡോയുടെ സര്‍ക്കാരിന് അധികാരത്തില്‍ തുടരണമെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ സഹായം ആവശ്യമാണ്. 304 തെരഞ്ഞെടുപ്പ് ജില്ലകളില്‍ 146 ലും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ജയിച്ചു. 338 അംഗസ സഭയില്‍ 170 സീറ്റുകള്‍ വേണ്ടിടത്ത് ലിബറല്‍ പാര്‍ട്ടി നേടിയത് 157 സീറ്റുകളാണ്. കേവല ഭൂരിപക്ഷമില്ലാതെ വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുമ്പോള്‍ ട്രൂഡോക്ക് നേരിടേണ്ടിവരിക കനത്ത വെല്ലുവിളിയാണ്. ഭരണത്തിനായി ചെറിയ ഇടതുപക്ഷ പാര്‍ട്ടികളെ കൂട്ട് പിടിക്കാന്‍ ട്രൂഡോ നിര്‍ബന്ധിതനായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
അതേസമയം ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ജഗ്മീത് സിങ് വിജയിച്ചു. മലയാളിയായ ടോം വര്‍ഗീസ് പരാജയപ്പെടുകയും ചെയ്തു. ഒന്‍റാരിയോ പ്രവിശ്യയിലുള്ള മിസ്സിസാഗ-മാള്‍ട്ടന്‍ റൈഡിങ്ങിലെ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടിയാണ് ടോം വര്‍ഗീസ് മത്സരിച്ചത്. പുരോഗമന നയങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയത് ശക്തമായ പിന്തുണയാണെന്നും എല്ലാവര്‍ക്കും നല്ലത് നേരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ട്രൂഡോ പ്രതികരിച്ചത്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റാണ് ലഭിച്ചത്. ലിബറല്‍ സര്‍ക്കാര്‍ വീഴുമ്പോള്‍ തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് ഇപ്പോള്‍ തന്നെ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ആന്‍ഡ്രൂ സ്കീര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
അതേസമയം ട്രൂഡോയുടെ വിജയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദനം അറിയിച്ചു. വളരെ കഠിനമായെങ്കിലും മികച്ച ജയമാണ് ട്രൂഡോ നേടിയതെന്നാണ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ക്യുബെകില്‍ നടന്ന ജി 7 യോഗത്തില്‍ ട്രൂഡോയെ സത്യസന്ധതയില്ലാത്തയാളെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചിരുന്നത്. കാനഡ മികച്ചു നില്‍ക്കുന്നു. നിങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. വംശീയതയുമായി ബന്ധപ്പെട്ട് ട്രൂഡോ എടുത്ത നിലപാടുകളാണ് വീണ്ടും അധികാരത്തിലെത്തിച്ചത്. ജനാധിപത്യത്തില്‍ അവശേഷിക്കുന്ന ചുരുക്കം ചില പുരോഗമന നേതാക്കന്‍മാരില്‍ ഒരാളാണ് ട്രൂഡോയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാറായ ഘട്ടത്തില്‍ ബരാക് ഒബാമ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ കേവലഭൂരിപക്ഷത്തിലേക്കെത്തിയ ലിബറല്‍ പാര്‍ട്ടിയുടെ അവസ്ഥ സ്വയം വരുത്തി വച്ചതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രചാരണത്തിന്‍റെ അവസാന നാളുകളില്‍ ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുണ്ടായ ചില തിരിച്ചടികള്‍ പുരോഗമന ചിന്താഗതിക്കാരുടെ വോട്ടുകള്‍ കുറയാനിടയാക്കിയെന്നാണ് വിലയിരുത്തല്‍. പ്രചാരണം ശക്തമായിരുന്നിട്ടും വോട്ടെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തിയിട്ടും അത് വോട്ടാക്കി മാറ്റാന്‍ എന്‍ഡിപിക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയുടെ 44 സീറ്റുകള്‍ പകുതിയായി കുറയുകയാണുണ്ടായത്.