ടെൽ അവീവ്: ഇസ്രയേലിൽ 150,000 പൗരന്മാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിനേഷൻ നടത്തിയെന്നും ഇതോടെ രാജ്യത്തെ 800,000 പേരാണ് കൊവിഡ് വാക്‌സിനേഷന് വിധേയമായതെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹ്യു പറഞ്ഞു. ഫൈസർ വാക്‌സിന് രാജ്യം അനുമതി നൽകിയതിനെ തുടർന്ന് ഡിസംബർ 20 മുതൽ ഇസ്രയേലിൽ വൻ തോതിൽ വാക്‌സിനേഷൻ ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വാക്‌സിനേഷനിൽ മുൻഗണന നൽകുന്നത്.
ഇസ്രയേലിൽ 800,000 പേർ കൊവിഡ് വാക്‌സിനേഷന് വിധേയരായെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹ്യു, പ്രസിഡന്‍റ് റുവെൻ റിവ്‌ലിൻ തുടങ്ങിയവർ ഇതിനകം തന്നെ വാക്‌സിനേഷന് വിധേയമായിട്ടുണ്ട്
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹ്യു, പ്രസിഡന്‍റ് റുവെൻ റിവ്‌ലിൻ തുടങ്ങിയവർ ഇതിനകം തന്നെ വാക്‌സിനേഷന് വിധേയമായിട്ടുണ്ട്. ഇത്തരത്തിൽ കൊവിഡിനെതിരെ മികച്ച രീതിയിലുള്ള പ്രവർത്തനം തുടരുമെന്നും കൊവിഡിനെ തുടച്ചു നീക്കുന്ന ആദ്യ രാജ്യമാകും ഇസ്രയേലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ആദ്യ വാരത്തിൽ വീണ്ടും കൊവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് വീണ്ടും രാജ്യം ലോക്ക്ഡൗണിലേക്ക് കടന്നിരുന്നു. ഇതുവരെ 419,312 പേർക്കാണ് ഇസ്രയേലിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രമായി 5,253 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.