ടോക്കിയോ:ആദ്യമായി 3000 കടന്ന് ടോക്കിയോയിലെ കൊവിഡ് കണക്ക്. 3,177 പേർക്കാണ് ടോക്കിയോയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച മുതൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചു വരുന്ന ടോക്കിയോയിൽ ചൊവ്വാഴ്‌ച 2,848 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്‌തിരുന്നത്.
ചൊവ്വാഴ്‌ചയ്ക്ക് മുമ്പ് ജനുവരി ഏഴിനായിരുന്നു നഗരത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നത്. 2,520 പേർക്കായിരുന്നു അന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കൂടാതെ, കൊവിഡ് വ്യാപനം അതിവേഗം നടക്കുന്നതിനാൽ രാജ്യത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും ചൊവ്വാഴ്‌ച 7,000 കടന്നു. ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് ചെയ്‌തിരുന്ന 8,000 കേസുകളായിരുന്നു ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന കണക്ക്.
ലോക കായിക മാമാങ്കം സുരക്ഷിതമായി നടത്താനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ ഒളിമ്പിക്‌സ് സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ, നിലവിലെ കൊവിഡ് വ്യാപനം സംഘാടകർക്കും കായിക താരങ്ങൾക്കും ഇടയിൽ ആശങ്ക സൃഷ്‌ടിക്കുകയാണ്.