യാങ്കോൺ: മ്യാൻമറിലെ സൈനിക അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭം രണ്ടാം ആഴ്‌ചയിലും തുടരുന്നു. തെരുവിലിറങ്ങിയുള്ള സമരം ശക്തമായി തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കോണിലെ ഹ്ലൈഡനില്‍ പ്രതിഷേധക്കാർ ഒത്തുകൂടി. രാജ്യത്തെ ഏറ്റവും പ്രധാന സ്ഥലമായി ഇവിടെയാണ് അമേരിക്കയുടെയും ചൈനയുടെയും എംബസികള്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതിന് വിലക്കുള്ള മേഖലയിലാണ് നൂറുകണക്കിനാളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിലും പ്രകടനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. അഭിഭാഷകരുടെ വലിയ സംഘമാണ് ഇവിടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
ഫെബ്രുവരി ഒന്നിനാണ് രാജ്യത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. തുടർന്ന് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാൻ സൂചിയും പ്രസിഡന്‍റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ പട്ടാളം തടങ്കലിലാക്കി. 2020 നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാംതവണയും മ്യാൻമറിൽ വൻ ഭൂരിപക്ഷത്തിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ് പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെയാണ് സൂചി പരാജയപെടുത്തിയത്. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ഭരണം പിടിച്ചെടുത്തതെന്ന് സീനിയർ ജനറൽ മിൻ ഓങ് ഹ്ലേയിങ് വാദിക്കുന്നു. എന്നാല്‍ സൈന്യത്തിന്‍റെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യത്തെ സ്വാതന്ത്ര്യ സമരനേതാവും സൂചിയുടെ പിതാവുമായ ജനറൽ ആങ് സാന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ശനിയാഴ്ചത്തെ പ്രതിഷേധം. അദ്ദേഹത്തിന്റെ പേരും ചിത്രവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ അണിനിരന്നത്.