ഇസ്ലാമാബാദ്: അതിർത്തിയിലെ പ്രശ്‌നങ്ങൾക്കിടയിലും അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അധികാരികൾ പാകിസ്ഥാനുമായി സൗഹൃദം പുലർത്തുന്നുണ്ടെന്ന് പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്(എൻഎസ്എ) മുഈദ് യൂസഫ്. നയതന്ത്ര തലത്തിൽ അഫ്‌ഗാനിസ്ഥാൻ പാകിസ്ഥാനോട് വളരെ സൗഹാർദപരമാണെന്നും മുൻ സർക്കാരിന്‍റെ കാലത്ത് പാകിസ്ഥാനോടുള്ള ശത്രുതയ്‌ക്കാണ് സാക്ഷ്യം വഹിച്ചതെങ്കിൽ പുതിയ അഫ്‌ഗാൻ ഭരണകൂടത്തിന് തികച്ചും വ്യത്യസ്‌തമായ നിലപാടാണ് പാകിസ്ഥാനോടുള്ളതെന്ന് യൂസഫ് പറഞ്ഞു. ദേശീയ അസംബ്ലിയുടെ വിദേശകാര്യ സമിതി യോഗത്തിനിടെയായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് മുഈദ് യൂസഫിന്‍റെ പ്രസ്‌താവന.
താലിബാനുമായി അതിർത്തിയിലുള്ള പ്രശ്‌നങ്ങൾ പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങൾ മാത്രമാണെന്നും താലിബാൻ സർക്കാരിന്‍റെ നയവുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും യൂസഫ് പറയുന്നു. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ രാഷ്‌ട്രീയമായി നിലയുറപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഡ്യൂറൻഡ് രേഖയിലെ പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നു വന്നത്. പാകിസ്ഥാൻ സൈന്യം സ്ഥാപിച്ച 2,670 കിലോമീറ്റർ ഡ്യൂറൻഡ് രേഖയുടെ ഭാഗങ്ങൾ താലിബാൻ തകർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.