ശ്രീലങ്ക: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ഷാംഗ്രി ലാ ഹോട്ടലില്‍ നടന്ന സ്ഫോടനത്തിലാണ് സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ ഐഎസ് പുറത്ത് വിട്ട വീഡിയോയില്‍ ഹാഷിമിന്‍റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീത്ത് ജമാഅത്ത് നേതാവായ ഹാഷിമിന് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശ്രീലങ്കന്‍ പൊലീസും പുറത്ത് വിട്ടു. ഹാഷിം കൊല്ലപ്പെട്ട വിവരം മിലിറ്ററി ഇന്‍റലിജന്‍സ് ഡയറക്ടറും സ്ഥിരീകരിച്ചു. ഐഎസുമായി ബന്ധമുള്ള 70 പേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായും കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സിരിസേന അറിയിച്ചു.
ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു
ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ നാഷണല്‍ തൗഹീത്ത് ജമാഅത്ത് നേതാവായ സഹ്രാന്‍ ഹാഷിമിന്‍റെ ദൃശ്യങ്ങളുണ്ടായിരുന്നു.
ഐഎസിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇന്ത്യയില്‍ നിന്നും ഹാഷിമിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. സഹ്രാന്‍ ഹാഷിമിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കാനും വന്‍ ആക്രമണ പദ്ധതികള്‍ നടത്താനും പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യ കൈമാറിയിരുന്നു. 253 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേറുകളായ സഹോദരന്മാരുടെ പിതാവ് ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തു.