കേരളം

kerala

ETV Bharat / international

ശ്രീലങ്കയിലെ വംശ രാഷ്ട്രീയം - Sri Lanka's

കൊളംബോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ വിമര്‍ശകനും അന്വേഷണാത്മക പത്ര പ്രവര്‍ത്തകനുമായ ദില്‍രുക്ഷി ഹന്ദുനെട്ടി എഴുതുന്നു

കൊളംബോ ശ്രീലങ്ക തെരഞ്ഞെടുപ്പ് വിജയം രാജപക്‌സെ കുടുംബം രാജപക്‌സെ Sri Lanka's Sri Lanka's dynasty politics
ശ്രീലങ്കയിലെ വംശ രാഷ്ട്രീയം

By

Published : Aug 11, 2020, 9:39 AM IST

കൊളംബോ: അപ്രതീക്ഷിതമായിരുന്നു എങ്കിലും എളുപ്പമുള്ള ഒരു തെരഞ്ഞെടുപ്പ് വിജയം നേടിയെടുത്ത ശ്രീലങ്കയിലെ അതിശക്തരായ രാജപക്‌സെ കുടുംബത്തെ സംബന്ധിച്ചിടത്തോളം 225-ല്‍ 145 സീറ്റുകള്‍ നേടി കൊണ്ട് ഓഗസ്റ്റ്-അഞ്ചിലെ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ് വിജയം എന്നുള്ളത് തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള ആദ്യ ചുവട് മാത്രമാണ്.

രാജപക്‌സെയുടെ സ്വന്തം കുടുംബ രാഷ്ടീയ പാര്‍ട്ടി എന്നു തന്നെ വിളിക്കാവുന്ന ശ്രീലങ്ക പൊതു ജന പെരമുന (എസ്.എല്‍.പി.പി) തങ്ങള്‍ക്ക് ലഭിച്ച അതിഭീമമായ ജനവിധിയെ ഇനി കാതലായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും അതുവഴി മുന്‍ ഭരണാധികാരി കൊണ്ടു വന്ന ഒട്ടേറെ നടപടികളെ പഴയ പടിയിലാക്കുന്നതിനും ഉപയോഗിക്കുമെന്നു നിശ്ചയിച്ചുറപ്പിച്ചിരിക്കയാണ്. ഭരണഘടനയില്‍ വരുത്തിയ 19-ആം ഭേദഗതിയാണ് രാജപക്‌സെ കുടുംബം റദ്ദാക്കാന്‍ പോകുന്ന പ്രധാനപ്പെട്ട നടപടികളില്‍ ഒന്ന്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രസിഡന്‍റ് ഗോട്ടബായ രാജപക്‌സെ രണ്ടാം വട്ടവും പ്രസിഡന്‍റായും, അദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍ മഹിന്ദ രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രിയായും ഓഗസ്റ്റ്-ഒൻപതിന് രാവിലെ സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റെടുത്തു. പുതിയ മന്ത്രിസഭ വരുന്ന വെള്ളിയാഴ്ച ഓഗസ്റ്റ്-14-ന് സത്യപ്രതിഞ്ജ ചെയ്യും. ചരിത്ര പ്രസിദ്ധമായ മാഗുള്‍ മധുവയിലോ അല്ലെങ്കില്‍ കാന്‍ഡിയിലെ ടെമ്പിള്‍ ഓഫ് ടൂത്തിലെ റോയല്‍ ഓഡിയന്‍സ് ഹാളിലോ ആയിരിക്കും സത്യപ്രതിഞ്ജ. ബുദ്ധമത വിശ്വാസികള്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആരാധാനാലയമായി കണക്കാക്കുന്ന ഈ ഹാള്‍ കാന്‍ഡി രാജാക്കന്മാരുടെ അവസാനത്തെ കൊട്ടാരവുമാണ്.

മന്ത്രിസഭയില്‍ 26-ല്‍ കൂടുതല്‍ അംഗങ്ങളെ പ്രതീക്ഷിക്കുന്നില്ല. മറ്റ് മൂന്ന് ഡപ്യൂട്ടി, സഹ മന്ത്രിമാര്‍ രണ്ട് പ്രധാന പരിഗണന ഉള്ള പുതിയ ഭരണകൂടത്തില്‍ നിശ്ചിതമായ ചില ചുമതലകള്‍ നിര്‍വഹിക്കും. ഭരണഘടനാ പരിഷ്‌കാരങ്ങളും കൊവിഡ്-19 മൂലം തകര്‍ന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കലുമാണ് ഈ അജണ്ടകള്‍. ഭരണഘടനയുടെ 19-ആം ഭേദഗതിയിലൂടെ 45 മന്ത്രിമാര്‍ ഉള്ള ഒരു മന്ത്രിസഭ രൂപീകരിക്കുക എന്നുള്ളത് ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നാല്‍ സാധ്യമാണ്. എന്നാല്‍ ഈ 19-ആം ഭേദഗതി റദ്ദാക്കണം എന്ന് പറഞ്ഞു കൊണ്ട് പ്രചാരണം നടത്തി എസ് എല്‍ പി പി എന്നതിനാല്‍ അവര്‍ അത് റദ്ദാക്കുകയും അതല്ലെങ്കില്‍ അതിലുള്‍പ്പെട്ട കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതിനായി അതില്‍ തന്നെ ഭേദഗതികള്‍ വരുത്തുകയും ചെയ്യുമെന്നുള്ള കാര്യം ഉറപ്പാണ്. തങ്ങളുടെ രാഷ്ട്രീയ സഖ്യകക്ഷികള്‍ ഒന്നും തന്നെ പ്രതിനിധാനം ചെയ്യാത്ത പുതിയ മന്ത്രിസഭ ചെറുതാക്കി നിലനിര്‍ത്തുവാനായിരിക്കും എസ് എല്‍ പി പി പരിഗണിക്കുക. എന്നാല്‍ മാത്രമേ അവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുവാനും ഫലപ്രദമായ ഒരു പ്രതിപക്ഷമില്ലാത്ത പാര്‍ലിമെന്‍റില്‍ തങ്ങളുടെ അജണ്ടകള്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയുകയുമുള്ളൂ.

കുടുംബ ഭരണം

എസ്.എല്‍.പി.പിക്ക് അകത്തുള്ള ആളുകള്‍ പറയുന്നതു പ്രകാരം രാജപക്‌സെ കുടുംബത്തിന് വോട്ടര്‍മാരെ ഒരു കാര്യത്തില്‍ വിശ്വാസത്തില്‍ എടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ്. അതായത് കുടുംബ രാഷ്ട്രീയമാണെങ്കില്‍ പോലും പ്രാധിനിത്യ ജനാധിപത്യത്തിന് അകത്തു നിന്നുകൊണ്ടു തന്നെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ രാഷ്ടീയ കരുത്ത് എന്ന് അവര്‍ പറയുന്നു. അതായത് രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും എന്നര്‍ത്ഥം.

ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആഗോള തലത്തില്‍ തന്നെ വലതുപക്ഷ രാഷ്ട്രീയം ഉയര്‍ന്നു വരുന്നതിന്‍റെ പ്രതിഫലനമാണ്. ഈ വലതുപക്ഷ രാഷ്ട്രീയത്തില്‍ ദേശീയ സുരക്ഷക്ക് ഏറ്റവും അധികം പ്രാധാന്യം ലഭിക്കുന്ന തരത്തില്‍ ദേശീയത തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാകുന്നതില്‍ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. വംശീയ-മത വഴികളിലൂടെയായി അതിശക് തമാം വിധം രണ്ട് ധ്രുവങ്ങളിൽ ജനങ്ങള്‍ നില്‍ക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ ശ്രീലങ്കയെ ഇക്കാര്യത്തില്‍ വ്യത്യസ്തമാക്കുന്ന ഘടകം ഒരു രാഷ്ട്രീയ കുടുംബം അധികാരത്തില്‍ അതിശക്തമാം വിധം എത്തിയിരിക്കുന്നു എന്നുള്ളത് അവര്‍ എങ്ങനെ രേഖപ്പെടുത്തുന്നു എന്നതും ജനങ്ങളിലെ ഭൂരിപക്ഷം വരുന്ന ആളുകളും മനസ്സില്‍ യാതൊരു തരത്തിലുമുള്ള ചോദ്യങ്ങളും ഉന്നയിക്കാതെ അവരില്‍ രാഷ്ട്രീയ മേധാവിത്വം പതിച്ചു നല്‍കുവാന്‍ ആഗ്രഹിക്കുന്നു എന്നതുമാണ്.

ശ്രീലങ്കയിലെ പൊതുവായുള്ള വോട്ടര്‍മാരുടെ സ്വഭാവത്തില്‍ നിന്നും തീര്‍ത്തും വിരുദ്ധമായ ഒന്നായി മാറിയിട്ടുണ്ട് ഇത്. രാജ്യത്ത് ദേശീയത എന്ന വികാരവും, ജനങ്ങള്‍ക്കിടയിലെ വിഭാഗിയതയും വര്‍ധിച്ചു വരുന്നുണ്ട് എങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം അല്‍ഭുതപ്പെടുത്തുന്നതാണ്. 1977-ല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു എന്‍ പി) ബഹുഭൂരിപക്ഷത്തോടെ വിജയിച്ചതൊഴിച്ചാല്‍ തുടര്‍ന്നുണ്ടായ സര്‍ക്കാരുകള്‍ക്കെല്ലാം ഭരിക്കാനുള്ള ഭൂരിപക്ഷം മാത്രമേ ശ്രീലങ്കന്‍ ജനത നല്‍കിയിട്ടുള്ളൂ. എന്നാല്‍ 2020-ല്‍ അതി തീവ്ര ദേശീയതയും, 2019 ഈസ്റ്റര്‍ ഞായറാഴ്ചയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുരക്ഷാ ഉല്‍കണ്ഠകളും ചേരുകയും അതോടൊപ്പം മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയത്തെ തീര്‍ത്തും തള്ളി കളയുന്ന ഒരു വികാരം ഉടലെടുക്കുകയും ചെയ്തതോടെ അത് ശ്രീലങ്ക പൊതു ജന പെരമുനയ്ക്ക് അനിതര സാധാരണമായ വിജയമാണ് സമ്മാനിച്ചത്.

കുടുംബ ഭരണത്തിലേക്കുള്ള വഴി

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിന്ന മഹിന്ദ രാജപക്‌സെയാണ് ഓഗസ്റ്റിലെ പോരാട്ടത്തില്‍ ഏറ്റവും അധികം വിജയം വരിച്ചത്. 527364 വോട്ടുകള്‍ നേടി കൊണ്ട് അദ്ദേഹം ഒരു പുതിയ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചു. ഈ പുതിയ റെക്കോര്‍ഡ് നേട്ടത്തിലൂടെ താനാണ് ശ്രീലങ്കയിലെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ് എന്ന് അദ്ദേഹം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു.

രാജപക്‌സെ കുടുംബത്തിലെ അഞ്ചു പേര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. അതില്‍ തന്നെ നാലു പേര്‍ ഏറ്റവും കൂടുതല്‍ പരിഗണനാ വോട്ടുകള്‍ ലഭിച്ചവരാണ്. വടക്കു പടിഞ്ഞാറന്‍ മണ്ഡലമായ കുരുനേഗലയില്‍ നിന്നും ജയിച്ച മഹിന്ദ രാജപക്‌സെ, തെക്കേ അറ്റത്തെ ഹമ്പനടോട്ടറ്റയെന്ന ജന്മനാടു കൂടിയായ മണ്ഡലത്തില്‍ നിന്നു ജയിച്ച അദ്ദേഹത്തിന്‍റെ മകന്‍ നമല്‍, ആദ്യ തവണ സ്ഥാനാര്‍ത്ഥിയായി നിന്നവരായ അദ്ദേഹത്തിന്‍റെ മരുമക്കളായ ശശീന്ദ്ര രാജപക്‌സെ (തെക്കു കിഴക്കന്‍ മണ്ഡലമായ മോനെറഗല) നിപുണ റണവക (ദക്ഷിണ ശ്രീലങ്കയിലെ മതാരാ മണ്ഡലം) എന്നിവരാണ് ഇവര്‍. മുതിര്‍ന്ന തലത്തില്‍ മഹിന്ദയും അദ്ദേഹത്തിന്‍റെ മൂത്ത സഹോദരനായ ചമലുമുണ്ട്. (ശശീന്ദ്രയുടെ അച്ഛന്‍). തൊട്ടു പിറകിലായി അവരുടെ തന്നെ മക്കളും മരുമക്കളുമൊക്കെ രണ്ടാം തലത്തിലുമുണ്ട്.

ഇതിനു പുറമെ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച മഹിന്ദയുടെ ഇളയ സഹോദരനായ ഗോട്ടബായ രാജപക്‌സെ രാജ്യത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നുമുണ്ട്. രാഷ്ട്രീയക്കാരനായി മാറിയ നടന്‍ ജയന്ദ കെറ്റഗോഡയെ മാറ്റി കൊണ്ട് എസ് എല്‍ പി പി യുടെ നാമനിര്‍ദ്ദേശിക അംഗമെന്ന നിലയില്‍ ബേസില്‍ രാജപക്‌സ പാര്‍ലിമെന്റിലേക്ക് എത്തുവാനുള്ള സാധ്യത വളരെ ഉയര്‍ന്നതാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

രാജപക്‌സെ കുടുംബം നേടി എടുത്തിരിക്കുന്ന അതി ഭീമമായ ജനപ്രീതിയാണ് ആരെയും അല്‍ഭുതപ്പെടുത്താത്ത ഒരുകാര്യം. വിവിധ കുടുംബാംഗങ്ങളെ വ്യത്യസ്തമായ രാഷ്ടീയ തട്ടകങ്ങളിലൂടെ വളര്‍ത്തി കൊണ്ടു വരികയും അതുവഴി കുടുംബത്തിനും എസ് എല്‍ പി പി യുടെ രാഷ്ട്രീയത്തിനും ഒരുപോലെ പിന്തുണ വര്‍ദ്ധിക്കുവാന്‍ ഇടയാക്കി കൊണ്ടും വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ പരിപോഷിപ്പിച്ചെടുത്ത ജനപ്രീതിയാണ് ഇത്.

എന്നാല്‍ പ്രാധിനിധ്യ ജനാധിപത്യത്തിന്‍റെ പേരില്‍ ഒരു കുടുംബത്തിന് മാത്രമായി, യാതൊരു തരത്തിലുമുള്ള എതിര്‍പ്പുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ രാഷ്ട്രീയ അധികാരം സ്ഥാപിച്ചു കൊടുക്കുവാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറായി എന്നുള്ളത് അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രവണതയാണ്. അധികാരം ഒരു കുടുംബത്തില്‍ മാത്രമായി പൂര്‍ണമായും കേന്ദ്രീകരിക്കുമെന്നുള്ള ഭയമൊന്നും ഇവിടെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടേയില്ല. ഏഷ്യന്‍ രാഷ്ട്രീയത്തില്‍ ഇതൊരു അറിയപ്പെടുന്ന പാരമ്പര്യമാണ് എന്നുള്ള കാര്യം മറ്റൊന്ന്. ഭരണകൂടത്തിനും നിയമ നിര്‍മ്മാണ സഭയ്ക്കും ഇടയില്‍ ആരോഗ്യകരമായ ഒരു സമതുലിതാവസ്ഥ ഉണ്ടാകുന്നു എന്ന് ഉറപ്പു വരുത്തുവാനുള്ള അധികാര വിഭജനത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുന്നു.

യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ (യു എന്‍ പി) അധികാരത്തില്‍ നിന്നും പുറം തള്ളുക എന്നുള്ള പ്രതികാരദാഹത്തോടെയുള്ള ഒരു ആഗ്രഹം ജനങ്ങളില്‍ ഉണ്ടായിരുന്നു എന്നുള്ളതും ഈ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. യു എന്‍ പി യുടെ ഭരണം അത് ഉണ്ടായ കാലം മുതല്‍ തന്നെ പ്രശ്‌നങ്ങളിലായിരുന്നു. മോശമായ രീതിയില്‍ തല്ലികൂട്ടിയ സഖ്യ കക്ഷികള്‍ പലപ്പോഴും പരസ്പര വിരുദ്ധമായി പ്രവര്‍ത്തിച്ചു. 2019-ല്‍ ഏപ്രിലില്‍ ഉണ്ടായ ഈസ്റ്റര്‍ ഞായറാഴ്ചയിലെ ബോംബ് സ്‌ഫോടനത്തിന്‍റെ പേരില്‍ ഏറെ സുരക്ഷാ വീഴ്ചാ ആരോപണങ്ങള്‍ അവര്‍ നേരിടേണ്ടി വന്നു ശ്രീലങ്കയിലെ ബഹുഭൂരിപക്ഷം ജനങ്ങളില്‍ നിന്നും. രൂപം കൊണ്ടതിനു ശേഷമുള്ള ഏറ്റവും അപമാനകരമായ ഈ പരാജയം യു എന്‍ പി നേരിടേണ്ടി വന്നതിന്‍റെ മുഖ്യ കാരണവും ഇതാണ്. അതേ സമയം തന്നെ യു എന്‍ പി നേരിടുന്ന വലിയ അഴിമതി ആരോപണങ്ങള്‍ക്ക് അപ്പുറം വലിയ കാര്യങ്ങളൊന്നും ചെയ്തു തെളിയിച്ചിട്ടില്ലാത്ത രാജപക്‌സെക്ക് പൊതു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു വിരോധാഭാസമായി മാറി. 2009- മേയില്‍ വിഘടനവാദികളായ തമിഴ് പുലികളുമായുള്ള (എല്‍ ടി ടി ഇ) യുദ്ധത്തിലെ വിജയവും സുരക്ഷാ കാര്യങ്ങളിലെ ബോധപൂര്‍വ്വമായ നടപടികളുമെല്ലാം അവര്‍ക്ക് വിജയത്തിനു കാരണമാവുകയും ചെയ്തു. രാജ്യത്തെ വോട്ടര്‍മാരുടെ മനസ്സ് കൃത്യമായി വായിച്ചെടുക്കുവാന്‍ രാജപക്‌സെമാര്‍ക്ക് കഴിഞ്ഞു. രാജ്യത്തെ സുരക്ഷ തീര്‍ത്തും ഉറപ്പാക്കുമെന്നും അതോടൊപ്പം തന്നെ ഭരണഘടനാ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമെന്നും അവര്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ് തു.

ഭരണഘടനാ പരിഷ്‌കാരങ്ങള്‍

തെരഞ്ഞെടുപ്പിലെ വിജയം 145 സീറ്റുകളുമായി നല്ലൊരു നിലയിലാണ് എസ് എല്‍ പി പി യെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. സഖ്യ കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചാല്‍ അംഗസംഖ്യ 150 ആകും. 225 അംഗങ്ങളുള്ള സഭയില്‍ ഇത് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും.

1978-ല്‍ ജെ ആര്‍ ജയവര്‍ദ്ധനെ കൊണ്ടുവന്ന രാജ്യത്തിന്‍റെ ഭരണഘടന ഭേദഗതി ചെയ്യുക എന്നുള്ളതാണ് ഈ ഭരണകൂടത്തിന്‍റെ മുഖ്യ അജണ്ട. അതോടൊപ്പം കഴിഞ്ഞ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ 19-ആം ഭേദഗതി റദ്ദാക്കുകയോ അല്ലെങ്കില്‍ ഭേദഗതി ചെയ്യുകയോ ചെയ്യുക എന്നുള്ളതാണ് മറ്റൊരു ആഗ്രഹം. ഭരണകൂടത്തിന്‍റെ നിരവധി അധികാരങ്ങള്‍ വെട്ടിചുരുക്കി കൊണ്ട് നിര്‍ണായകമായ സ്വതന്ത്ര പൊതു സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിന് വഴി തെളിച്ച ഭേദഗതിയായിരുന്നു ഇത്. ഈ അധികാരങ്ങളെല്ലാം അതിനു മുന്‍പ് എക്‌സിക്യൂട്ടീവ് പ്രസിഡന്‍റിന്‍റെ കീഴിലായിരുന്നു. ഇത്തരം ഒരു നീക്കം പ്രസ്തുത ഭേദഗതിയിലൂടെ നിര്‍ണായക പൊതു സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരണത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുവാന്‍ മുന്‍ സര്‍ക്കാര്‍ എടുത്ത പുരോഗമനപരമായ നടപടികളില്‍ വെള്ളം ചേര്‍ക്കുകയായിരിക്കും ഫലം.

പ്രവിശ്യാ കൗണ്‍സിലുകള്‍ രൂപീകരിച്ച 13-ആം ഭേദഗതിയുടെ സാധ്യതകളെ കുറച്ചു കൊണ്ടു വരിക എന്നുള്ളതും ഈ പുതിയ ഭേദഗതി നീക്കത്തിനു പിറകിലുണ്ട്. ശ്രീലങ്ക എന്ന രാജ്യം കൊണ്ടു വന്ന ഭരണഘടനാ അംഗീകാരമുള്ള ഏക രാഷ്ട്രീയ വികേന്ദ്രീകരണ പ്രക്രിയയായിരുന്നു പ്രവിശ്യാ കൗണ്‍സിലുകള്‍. അത്തരം ഒരു നീക്കം ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. 1987-ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ സമാധാന കരാറില്‍ വേരുകള്‍ കണ്ടെത്താവുന്ന ഒരു ഭരണഘടനാ ഭേദഗതിയായിരുന്നു അത്. 4 വര്‍ഷം മുന്‍പ് മാത്രം കൊണ്ടു വരികയും ലോകത്തെ ആര്‍ ടി ഐ നിയമങ്ങളില്‍ ഏറെ അംഗീകരിക്കപ്പെടുകയും ചെയ് ത വിവരാവകാശ നിയമമാണ് മാറ്റങ്ങള്‍ സംഭവിക്കുവാന്‍ സാധ്യതയുള്ള മറ്റൊരു നിയമം.

പ്രതിപക്ഷത്തിന്‍റെ പങ്ക്

വലിയ വിജയത്തില്‍ മതി മറന്നു നില്‍ക്കുന്ന എസ് എല്‍ പി പി അതിവേഗം നീങ്ങി കൊണ്ട് പെട്ടെന്നുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ പോകുകയാണ്. ഓഗസ്റ്റ്-ഒൻപതിന് പ്രസിദ്ധമായ ബുദ്ധ ക്ഷേത്രമായ കേലാണി രാജ മഹാ വിഹാരയില്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും. ഓഗസ്റ്റ്-10-ന് തന്നെ പുതിയ മന്ത്രിസഭയും അധികാരമേല്‍ക്കും. ഓഗസ്റ്റ്-20-നാണ് പുതിയ പാര്‍ലിമെന്‍റ് സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

എന്നാല്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടായ തകര്‍ച്ച മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ടി വരും എന്നുള്ളത് രാഷ്ട്രീയ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നത് കുറച്ച് വൈകിപ്പിച്ചേക്കും. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഈ ദ്വീപ് രാഷ്ട്രം നിലവില്‍ കടുത്ത കടക്കെണിയിലാണ് അകപ്പെട്ടിരിക്കുന്നത്. കൊവിഡ്-19 മഹാമാരി മൂലം ഉണ്ടായ കടുത്ത പ്രഭാവങ്ങള്‍ മൂലം ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കേണ്ടതുണ്ട്. തങ്ങള്‍ പിന്തുണ നല്‍കിയ സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ ആശ്വാസ നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് തീര്‍ച്ചയായും ശ്രീലങ്കയെ അതീവ ഗുരുതരമായ സ്ഥിതിയില്‍ പെടുത്തും. ചൈനയുടെ സ്വാധീനത്തില്‍ കൂടുതല്‍ അകപ്പെട്ടു കൊണ്ട് രാജ്യത്തിന്‍റെ കടബാധ്യതകള്‍ വീണ്ടും വര്‍ധിക്കുവാനുള്ള സര്‍വ്വ സാധ്യതകളും ഇവിടെ കാണുന്നുണ്ട്.

ABOUT THE AUTHOR

...view details