കൊളംബോ:10 മില്യൺ ഡോസ് ഓക്‌സ്ഫോർഡ്- അസ്ട്രസെനെക്ക വാക്‌സിൻ ഇന്ത്യയിൽ നിന്ന് വാങ്ങാനൊരുങ്ങി ശ്രീലങ്ക. വാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാർ ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. 500,000 സൗജന്യ വാക്‌സിനുകൾ ഇന്ത്യ ആദ്യഘട്ടത്തിൽ ശ്രീലങ്കക്ക് ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വാക്‌സിനുകൾ വാങ്ങാൻ ശ്രീലങ്ക കരാറിലേർപ്പെട്ടത്.
ഇന്ത്യയിൽ നിന്ന് 10 മില്യൺ ഡോസ് കൊവിഡ് വാക്‌സിൻ വാങ്ങാനൊരുങ്ങി ശ്രീലങ്ക - സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
വാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാർ ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു.
പ്രാദേശിക ജനസംഖ്യയുടെ 20 ശതമാനം പേർക്ക് സൗജന്യമായി വാക്‌സിനുകൾ നൽകുമെന്ന് ലോകാരോഗ്യ സംഘടന ശ്രീലങ്കക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറൽ ഷവേന്ദ്ര സിൽവ പറഞ്ഞു. ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ശ്രീലങ്കക്ക് വാക്‌സിനുകൾ ലഭ്യമാക്കുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയുമായി സഹകരിച്ച് ഓക്സ്ഫോർഡ്- അസ്ട്രസെനെക്കയുടെ കൊവിഷീൽഡ് നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുൻ നിര പോരാളികൾക്കും എംപിമാർക്കും വാക്‌സിനേഷൻ നൽകിയിരുന്നു. അതേസമയം ശ്രീലങ്കയെ കൂടാതെ ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, മൗറീഷ്യസ്, സീഷെൽസ് എന്നിവിടങ്ങളിലേക്കും ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്‌തിരുന്നു.