ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ ഇ.ടി.വി ഭാരതുമായി നടത്തിയ ഒരു എക്‌സ്‌ക്ലൂസീവ് സംഭാഷണത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ പറഞ്ഞത് ശ്രീലങ്കയ്ക്ക് ആവശ്യം രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഒരു പുതിയ ഭരണഘടനയാണെന്നും അല്ലാതെ ബാഹ്യ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതല്ല എന്നുമാണ്. കൊവിഡ്-19 മഹാമാരിക്കിടയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പില്‍ അതി ഗംഭീര വിജയം നേടിയ മഹിന്ദയെ സത്യപ്രതിഞ്ജ ചെയ്യിച്ചത് അദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ കൂടിയായ പ്രസിഡന്‍റ് ഗോട്ടബായ രാജപക്‌സെയായിരുന്നു. ഞായറാഴ്ച കൊളംബോയിലെ കേലനീയ ബുദ്ധ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്.
2019 നവംബറില്‍ ഏതാണ്ട് 52 ശതമാനം വോട്ടുകള്‍ നേടി കൊണ്ട് ഗോട്ടബായ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയിച്ച് ഒൻപത് മാസങ്ങള്‍ക്ക് ശേഷം നിലവിലെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ശ്രീലങ്ക പൊതു ജന പാര്‍ട്ടിയുടെ (എസ് എല്‍ പി പി) സ്ഥാനാര്‍ത്ഥിയായി വടക്ക് പടിഞ്ഞാറന്‍ ജില്ലയായ കരുനേഗലയില്‍ നിന്നും ഗംഭീര വിജയം നേടുകയും 145 പാര്‍ലിമെന്‍ററി സീറ്റുകള്‍ പാര്‍ട്ടി കരസ്ഥമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഒരു പ്രധാന വാഗ്ദാനമായിരുന്ന ഭരണഘടനയുടെ 19-ആം ഭേദഗതി റദ്ദാക്കല്‍ അല്ലെങ്കില്‍ പരിഷ്‌കരിക്കല്‍ നടത്തുവാന്‍ 225 അംഗ പാര്‍ലിമെന്‍റില്‍ ആവശ്യമായ 150 സീറ്റുകള്‍ എന്ന കണക്കില്‍ നിന്ന് 5 സീറ്റുകള്‍ കുറവായിരുന്നു ഇത്.
നിലവിലെ സീറ്റുകളുടെ എണ്ണം വെച്ചു നോക്കുമ്പോള്‍ 19-ആം ഭേദഗതിയുടെ റദ്ദാക്കല്‍ ഇപ്പോള്‍ എളുപ്പമായില്ലേ എന്നുള്ള മുതിര്‍ന്ന പത്ര പ്രവര്‍ത്തക സ്മിതാ ശര്‍മ്മയുടെ ചോദ്യത്തിന് പ്രതികരണം എന്ന നിലയില്‍ മഹിന്ദ രാജപക്‌സെ ഇങ്ങനെ പറഞ്ഞു, “19 ആം ഭേദഗതി സര്‍ക്കാരിന് സുഗമമായും ഫലപ്രദമായും പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഏതാണ്ട് അസാധ്യമാക്കിയിരുന്നു. അതാണ് മുന്‍ ഭരണകൂടത്തെ ഈ തെരഞ്ഞെടുപ്പില്‍ ശ്രീലങ്കയിലെ ജനങ്ങള്‍ സമ്പൂര്‍ണ്ണമായും തള്ളി കളയുവാന്‍ ഒരു മുഖ്യ കാരണമായി മാറിയത്.''
2015-ലെ തെരഞ്ഞെടുപ്പില്‍ 10 വര്‍ഷത്തെ ഭരണകാലത്തിനു ശേഷം മഹിന്ദ രാജപക്‌സെ പരാജയപ്പെട്ട ശേഷമാണ് ഭരണഘടനയുടെ 19-ആം ഭേദഗതി ഉണ്ടായത്. മൈത്രപാലി സിരിസേന പ്രസിഡന്‍റാവുകയും റെനില്‍ വിക്രമ സിംഗെ പ്രധാനമന്ത്രിയാവുകയും ചെയ്തു കൊണ്ട് യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു എന്‍ പി) അധികാരം ഏറ്റെടുത്തപ്പോഴായിരുന്നു അത്. ഈ ഭേദഗതി പ്രസിഡന്‍റെ അധികാരങ്ങളെ വെട്ടി കുറയ്ക്കുകയും അവ ഏതാണ്ട് തുല്യമായി പ്രധാനമന്ത്രിക്കും പാര്‍ലിമെന്‍റിനുമായി വീതിക്കുകയും ചെയ്തു. പാര്‍ലിമെന്‍ററി രീതിയിലുള്ള ഒരു ഭരണത്തിലേക്ക് മാറുക എന്നതായിരുന്നു ലക്ഷ്യം. “പരിഷ്‌കരണോന്മുഖ സര്‍ക്കാര്‍'' എന്ന നിലയില്‍ അന്നത്തെ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നയമായിരുന്നു അത്.
എന്നാല്‍ ഇന്ന് ഈ ലേഖികയ്ക്ക് നല്‍കിയ പ്രത്യേക പരാമര്‍ശങ്ങളില്‍ “ബാഹ്യ ശക്തികളുടെ'' താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു ആ ഭേദഗതി കൊണ്ടു വന്നത് എന്ന് പ്രധാനമന്ത്രി രാജപക്‌സെ വിമര്‍ശിച്ചു. “രാജ്യത്തിന് അനുയോജ്യമായതും ജനങ്ങളുടെ യഥാര്‍ത്ഥ അഭിലാഷങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതുമായ ഒരു പുതിയ ഭരണഘടനയാണ് ശ്രീലങ്കയ്ക്ക് ആവശ്യം. ബാഹ്യ ശക്തികളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ല അത്. സമൂഹത്തിലെ നിരവധി വിഭാഗങ്ങളുമായി ഏറെ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞതിനു ശേഷം അത് നടപ്പില്‍ വരുത്താനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' പ്രധാനമന്ത്രി രാജപക്‌സെ പറഞ്ഞു.
വെറും മൂന്ന് ശതമാനം വോട്ടുകള്‍ മാത്രം നേടിയ സിരിസേനയും വിക്രമസിംഗെയും ഈ തെരഞ്ഞെടുപ്പില്‍ തീര്‍ത്തും അപമാനിതരായി. മാത്രമല്ല, യു എന്‍ പി യില്‍ നിന്നും വിട്ടു പോയി സമാഗി ജന ബാല്‍വേഗായ (എസ് ജെ ബി) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി മത്സരിച്ച സജിത് പ്രേമദാസ 54 സീറ്റുകളോടെ മുഖ്യ പ്രതിപക്ഷമായി ഉയര്‍ന്നു വരികയും ചെയ്തു. എന്നാല്‍ ഗോട്ടബായയുടെ പ്രസിഡന്‍റ് സ്ഥാനത്തിനു കീഴില്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംവിധാനത്തിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ മഹിന്ദ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും ഉറപ്പില്ല. അതുപോലെ ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന തരത്തില്‍ ഇരു സഹോദരങ്ങള്‍ക്കും ഇടയില്‍ ഈ പ്രശ്‌നം ഒരു വടംവലിയായി മാറുമോ എന്ന സന്ദേഹവും പലര്‍ക്കുമുണ്ട്.
ജപ്പാന്‍റെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച പദ്ധതിയായ തന്ത്രപരമായ കൊളംബോ തുറമുഖത്തെ കിഴക്കന്‍ കണ്ടൈയ്‌നര്‍ ടെര്‍മിനല്‍ (ഇ സി ടി) പദ്ധതിയുടെ വിധി എന്താകും എന്ന് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി രാജപക്‌സെ പ്രതികരിക്കുവാന്‍ വിസമ്മതിച്ചു. മന്ത്രി സഭ രൂപീകരണം ഇനിയും ആയിട്ടില്ല എന്ന നിലയില്‍ അതിനെ കുറിച്ച് പറയുവാനുള്ള സമയം ആയിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.