ലാഹോര്‍ (പാകിസ്ഥാന്‍): പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഭരണഘടനാവിരുദ്ധമെന്ന് ലാഹോര്‍ ഹൈക്കോടതി. ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി. ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ 2019 ഡിസംബര്‍ 17നാണ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.
പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്‍റേതായിരുന്നു വിധി. ഈ വിധി നിയമവിരുദ്ധമെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ മുഷറഫ് പ്രത്യേക കോടതിയുടെ വിധിയെ എതിര്‍ത്തത്. മാത്രമല്ല പ്രത്യേക കോടതി നിര്‍മിച്ചത് ക്യാബിനറ്റിന്‍റെ അനുമതിയോടെയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ ആറ് പ്രകാരം ക്യാബിനെറ്റിന്‍റെ അനുമതിയോടെ മാത്രമാണ് പ്രത്യേക കോടതി നിര്‍മിക്കാനാകു. ഇത് ലംഘിക്കപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.