കാഠ്മണ്ഡു : നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ഷേർ ബഹാദൂർ ദുബെ (74) പ്രധാനമന്ത്രിയായി ചുമതലയേറ്റു. സുപ്രീംകോടതി നിർദേശപ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 76 (5) പ്രകാരമാണ് ദുബെ ചുമതലയേറ്റത്. ഇത് അഞ്ചാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്.
ഇദ്ദേഹത്തെ നിയമിക്കാൻ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരിയോട് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. 2017 ജൂൺ മുതൽ ഫെബ്രുവരി 2018 വരെയും, 2004 ജൂൺ മുതൽ 2005 ഫെബ്രുവരി വരെയും, 2001ജൂലൈ മുതൽ 2002 ഒക്ടോബർ വരെയും, 1995 സെപ്റ്റംബർ മുതൽ 1997 മാർച്ച് വരെയുമാണ് അദ്ദേഹം ഈ പദവി കയ്യാളിയത്.
ഭരണഘടനാവ്യവസ്ഥകൾ അനുസരിച്ച് പ്രധാനമന്ത്രിയായി നിയമിതനായി 30 ദിവസത്തിനുള്ളിൽ ദുബെ സഭയിൽ വിശ്വാസവോട്ട് തേടണം. പാർലമെന്‍റ് പിരിച്ചുവിടാനുള്ള മുൻ പ്രധാനമന്ത്രി കെപി ഒലിയുടെ തീരുമാനം സുപ്രീം കോടതി തിങ്കളാഴ്ച റദ്ദാക്കുകയും പുനസ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.