ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ സൈനിക, ഐഎസ്ഐ മേധാവികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ റാലി നടത്തിയ പശ്ചാത്തലത്തിലാണ് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്‌ക്കും, ഐഎസ്ഐ മേധാവി ലെഫ്‌റ്റനന്‍റ് ജനറല്‍ ഫൈസ് ഹമീദിനും വിമര്‍ശനം. ഇമ്രാന്‍ ഖാനെ പുറത്താക്കാനായി സെപ്‌റ്റംബര്‍ 20ന് 11 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പാകിസ്ഥാന്‍ ഡെമോക്രാറ്റിംഗ് മൂവ്മെന്‍റ് സഖ്യം രൂപികരിച്ചിരുന്നു. സഖ്യം ഗുജ്‌റന്‍വാലയിലും കറാച്ചിയിലും ഈ മാസമാദ്യം വന്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു. മൂന്നാമത്തെ റാലി ഞായറാഴ്‌ച ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വട്ടയില്‍ നടന്നു.
പാകിസ്ഥാന്‍ സൈനിക, ഐഎസ്ഐ മേധാവികളെ വിമര്‍ശിച്ച് നവാസ് ഷെരീഫ് - നവാസ് ഷെരീഫ്
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ റാലി നടത്തിയ പശ്ചാത്തലത്തിലാണ് സൈനിക, ഐഎസ്ഐ മേധാവികള്‍ക്കെതിരെ നവാസ് ഷെരീഫിന്‍റെ വിമര്‍ശനം.
2018ലെ തെരഞ്ഞെടുപ്പില്‍ ജനവികാരത്തിന് എതിരായി ഇമ്രാന്‍ നിയാസിയെ പ്രധാനമന്ത്രിയാക്കിയതിനും ഭരണഘടനയെയും നിയമത്തെയും കീറിമുറിച്ചതിനും ജനങ്ങളെ പട്ടിണിയിലാക്കിയതിനും ഉത്തരം പറയേണ്ടി വരുമെന്ന് സൈനിക മേധാവിയെ വിമര്‍ശിച്ച് നവാസ് ഷെരീഫ് പറഞ്ഞു. നിരവധി അഴിമതി കേസുകളില്‍ കുടുങ്ങിയ നവാസ് ഷെരീഫ് കഴിഞ്ഞ നവംബര്‍ മുതല്‍ ലണ്ടനിലാണ്. നാലാഴ്‌ചത്തെ ചികില്‍സയ്‌ക്കായി ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ലാഹോര്‍ ഹൈക്കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു. സത്യപ്രതിജ്ഞയ്‌ക്ക് വിരുദ്ധമായി ഐഎസ്ഐ മേധാവി വര്‍ഷങ്ങളായി പാക് രാഷ്‌ട്രീയത്തില്‍ ഇടപെടുന്നുവെന്നും നവാസ് ഷെരീഫ് ആരോപിച്ചു. ബലൂചിസ്ഥാനിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നുവെന്നും ഇരകളുടെ വേദന മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല നവാസ് ഷെരീഫ് സൈന്യത്തിനെതിരെ ആരോപണമുന്നയിക്കുന്നത്. ഗുജ്‌റന്‍വാല റാലിയിലും അദ്ദേഹം സൈനിക മേധാവികളെ വിമര്‍ശിച്ചിരുന്നു.
രാജ്യത്തിന്‍റെ വിധി മാറ്റേണ്ട സമയമായിരിക്കുന്നുവെന്ന് പിഎംഎല്‍ എന്‍ വൈസ് പ്രസിഡന്‍റും നവാസ് ഷെരീഫിന്‍റെ മകളുമായ മറിയം ഷെരീഫ് പറഞ്ഞു. ഞായറാഴ്‌ച ക്വട്ടയില്‍ റാലി ആരംഭിക്കുന്നതിനിടെ ഹസര്‍ഖഞ്ച് മേഖലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സ്ഫോടനത്തില്‍ പരിഭ്രാന്തരാകാതെ പിഡിഎം നേതാക്കള്‍ റാലി തുടരുകയായിരുന്നു. പ്രതിപക്ഷ റാലിയെ തീവ്രവാദികള്‍ ലക്ഷ്യം വെച്ചേക്കാമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു പിഡിഎം റാലി നടത്തിയത്.