സിഡ്നി: ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കതിരെ അട്ടിമറി വിജയം നേടി സ്കോട്ട് മോറിസണ്‍. ലേബര്‍പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടന്‍ പരാജയം സമ്മതിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സ്കോട്ട് മോറിസണിന്‍റെ വിജയ പ്രഖ്യാപനം. മുന്‍ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ബോബ് ഹോക്കിന്‍റെ മരണത്തെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. നേരത്തെ ഭരണപക്ഷമായ ലിബറല്‍-നാഷണല്‍ സഖ്യം അഭിപ്രായ സര്‍വേ ഫലങ്ങള്‍ തള്ളിയിരുന്നു.
ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: ഭരണപക്ഷത്തിന് അട്ടിമറി ജയം
മുന്‍ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ബോബ് ഹോക്കിന്‍റെ മരണത്തെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.
നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്തതിനൊപ്പം രാജ്യത്തിന്‍റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കിയായിരുന്നു മോറിസണിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. താനെപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നെന്നും അത്തരത്തില്‍ ഒന്നാണ് നടന്നിരിക്കുന്നതെന്നും മോറിസണ്‍ പ്രതികരിച്ചു.
151 സീറ്റുള്ള പ്രതിനിധി സഭയിലും 76 അംഗ സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ 58 അംഗങ്ങളുള്ള ലിബറല്‍ പാര്‍ട്ടിയും നാഷണല്‍ പാര്‍ട്ടി ഓഫ് ഓസ്ട്രേലിയയുടെ 15 അംഗങ്ങളും ചേര്‍ന്ന സഖ്യമാണ് പ്രതിനിധി സഭ നിയന്ത്രിക്കുന്നത്.
ലിബറല്‍-നാഷണല്‍ സഖ്യത്തിന് കേവല ഭൂരിപക്ഷമായ 76 സീറ്റ് പോലും നേടാനാകില്ലെന്നും സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുമായി ഒത്തുതീര്‍പ്പിലെത്തേണ്ടി വരുമെന്നും പ്രതിപക്ഷം വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സഖ്യത്തിന് 151 അംഗ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടാനായി. ആദ്യഫല സൂചനകള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ മോറിസണെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്ത് ആറ് പേരാണ് പ്രധാനമന്ത്രി പദവിയിലെത്തിയത്. രാജ്യത്ത് വോട്ടവകാശമുള്ളവര്‍ നിര്‍ബന്ധമായും വോട്ട് ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. വോട്ട് ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കും.