മോസ്കോ: മാർച്ചിൽ ഏർപ്പെടുത്തിയ കനേഡിയൻ ഉപരോധത്തിന് മറുപടിയായി ഒമ്പത് കനേഡിയൻ പൗരന്മാരെ അതിർത്തിയിൽ പ്രവേശിക്കുന്നത് തടഞ്ഞ് റഷ്യ. കാനഡയിലെ നീതിന്യായ മന്ത്രിയും അറ്റോർണി ജനറലുമായ ഡേവിഡ് ലാമെട്ടി, കാനഡയിലെ തിരുത്തൽ സേവന കമ്മീഷണർ ആൻ കെല്ലി, കനേഡിയൻ പൊലീസ് കമ്മീഷണർ ബ്രെൻഡ ലക്കി എന്നിവരുൾപ്പെടെ ഒമ്പത് കനേഡിയൻ പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു.
പ്രധാനമന്ത്രിയുടെ പോളിസി ഡയറക്‌ടർ മാർസി സർക്കസ്, ഇന്‍റർഗവൺമെന്‍റൽ അഫയേഴ്‌സ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, ദേശീയ പ്രതിരോധ വകുപ്പ് മന്ത്രിയായ ജോഡി തോമസ്, സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡർ മൈക്ക് റൂലോ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്‍റെ ഡെപ്യൂട്ടി കമ്മീഷണർ ബ്രയാൻ ബ്രെനൻ, കനേഡിയൻ അഡ്‌മിറൽ സ്കോട്ട് ബിഷപ്പ് എന്നിവർക്കും വിലക്ക് ബാധകമാണെന്ന് റഷ്യൻ മന്ത്രാലയം വ്യക്തമാക്കി.