ന്യൂഡൽഹി: 90 റോഹിംഗ്യൻ അഭയാർഥികളും മൂന്ന് ബംഗ്ലാദേശ് ജോലിക്കാരുമടങ്ങുന്ന ബോട്ട് തിങ്കളാഴ്ച ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ കടന്നതിന് ശേഷം കാണാതായി. ബോട്ടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും യുഎൻ ഏജൻസികൾ ഉടൻ വിഷയത്തിൽ ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ബംഗ്ലാദേശ് തീരദേശ പട്ടണമായ കോക്സ് ബസാറിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലേക്ക് യാത്ര തിരിച്ച സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. എൻജിൻ തകരാറിനെ തുടർന്ന് ദിശ തെറ്റിയ ബോട്ട് അബദ്ധത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകയും തായ്‌ലന്‍ഡ് ആസ്ഥാനമായ അരക്കൻ പ്രോജക്റ്റ് ഡയറക്ടറുമായ ക്രിസ് ലീവ പറഞ്ഞു. കടലിൽ കാണാതായ 90 അഭയാർഥികളിൽ എട്ട് പേർ ഇതിനകം മരിച്ചുവെന്ന് ലീവ പറയുന്നു.
റോഹിംഗ്യൻ ബോട്ട് ഇന്ത്യൻ സമുദ്രാതിർത്തിയിൽ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു - ഇന്ത്യൻ നാവിക സേന
ബോട്ടിൽ 65 റോഹിംഗ്യൻ സ്ത്രീകളും രണ്ട് വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികളും 20 പുരുഷന്മാരും ഉണ്ടെന്നാണ് റിപ്പോർട്ട്. ആറ് ദിവസം മുമ്പാണ് ബോട്ടിന്‍റെ എഞ്ചിനുകൾ തകരാറിലായത്. തുടർന്നാണ് ബോട്ട് ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ചത്

ബോട്ടിൽ കുടിവെള്ളമോ ഭക്ഷണമോ അവശേഷിക്കുന്നില്ല, അതിനാൽ അവർ കടൽവെള്ളം കുടിക്കുന്നു. അതുകൊണ്ട് തന്നെ പലരുടെയും ആരോഗ്യ നില വഷളാകുകയും കുറച്ച് പേർ മരണത്തിന് കീഴടങ്ങിയെന്നും ലീവ കൂട്ടിച്ചേർത്തു. ആൻഡമാനിലെ ഇന്ത്യൻ നാവികസേനയ്‌ക്കോ തീരസംരക്ഷണ സേനയ്‌ക്കോ മാത്രമേ അവരെ രക്ഷിക്കാൻ കഴിയൂ. ബോട്ട് കാണാതായതിന് സമീപത്ത് ഇന്ത്യൻ സേന പട്രോളിംഗ് നടത്താറുണ്ടെന്നും ലീവ വ്യക്തമാക്കി. ഇന്ത്യൻ സർക്കാരും നാവികസേനയും ആൻഡമാനിൽ വിന്യസിച്ചിരിക്കുന്ന തീരസംരക്ഷണ സേനാംഗങ്ങളും വിഷയത്തിൽ നേരിട്ട് ഇടപെട്ട് ബോട്ട് കണ്ടെത്താൻ ശ്രമിക്കണമെന്നും ലീവ ആവശ്യപ്പെട്ടു.
ഇന്ത്യൻ നാവിക സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചെന്നാണ് സേന വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇന്ത്യൻ കോസ്റ്റ് ഗാർഡ് പട്രോളിംഗിൽ ആൻഡമാനിലെ 40 കിലോമീറ്റർ കിഴക്കായി റോഹിംഗ്യൻ ബോട്ട് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ബോട്ട് കണ്ടെത്തിയാൽ ഉടൻ തന്നെ വിദഗ്ദ ചികിത്സക്കായി സുരക്ഷിതമായ അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്നും ലീവ ആവശ്യപ്പെട്ടു. കടൽ വെള്ളം കുടിച്ചതിനെ തുടർന്ന് നിരവധി പേർക്കാണ് വയറിളക്കം പോലുള്ള രോഗങ്ങൾ പിടിപ്പെട്ടിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ ശനിയാഴ്ചയും അഞ്ച് പേർ തിങ്കളാഴ്ചയും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ എന്നും ലീവ പറയുന്നു.