ന്യൂയോർക്ക്: പാകിസ്ഥാനില്‍ മതന്യൂനപക്ഷ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും തുടര്‍ന്നുള്ള വിവാഹത്തിനും വിധേയരാകുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമണ്‍ (സിഎസ്‌ഡബ്ല്യു) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഓരോ വർഷവും നൂറുകണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം പുരുഷന്മാരെ വിവാഹം കഴിക്കാന്‍ നിർബന്ധിക്കുന്നു. തട്ടിക്കൊണ്ട് പോകുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കെതിരെ ഗുരതരമായ ഭീഷണികളുണ്ടാകുന്നുവെന്നും അവര്‍ക്ക് സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങി വരാന്‍ പോലുമാകാത്ത അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ജുഡീഷ്യല്‍ പ്രക്രിയയും പൊലീസും മതന്യൂന പക്ഷ ഇരകളോട് വിവേചനം കാണിക്കുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായാണ് ചിത്രീകരിക്കുന്നത്. ആക്രമണത്തിനിരയായ പാകിസ്ഥാന്‍, പാകിസ്ഥാന്‍ മതസ്വാതന്ത്ര്യം എന്ന പേരില്‍ 47 പേജുള്ള റിപ്പോര്‍ട്ടിലാണ് യുഎന്‍ ഇക്കാര്യം പറയുന്നത്.
ക്രിസ്ത്യൻ, ഹിന്ദു വിഭാഗത്തിലുള്ള പെണ്‍കുട്ടികളും പഞ്ചാബ് സിന്ധ് പ്രവിശ്യകളിലുള്ള പെണ്‍കുട്ടികളും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാകുന്നു. ഇവരില്‍ പലരും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളും. മാത്രവുമല്ല ഇവരില്‍ പലരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരും സാമ്പത്തിക നിലയില്‍ വളരെ താഴെയുള്ളവരും ആണ്. പലര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണെന്നും ആസൂത്രിത ലക്ഷ്യത്തോടെയാണ് ഇവരെ മതപരിവര്‍ത്തനത്തിനും തുടര്‍ന്നുള്ള വിവാഹത്തിനും നിര്‍ബന്ധിക്കുന്നത്. പല തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ വിധേയരാകുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങളെത്തുടര്‍ന്ന് ചികിത്സക്ക് വിധേയരാകുന്നവരാണ് മിക്ക പെണ്‍കുട്ടികളും. പാകിസ്ഥാനിലെ മനുഷ്യാവകാശ സംരക്ഷകർക്ക് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിരന്തര ഭീഷണികള്‍ ഉണ്ടാകുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള പരിരക്ഷയും നല്‍കുന്നുമില്ല. 2017ല്‍ മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള കുട്ടികളുമായി നേരിട്ട് സംസാരിച്ചെന്നും സിഎസ്‌ഡബ്ല്യു റിപ്പോർട്ടിൽ പറയുന്നു.