കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും രൂക്ഷമാകുന്നു. രണ്ട് ദിവസമായി തുടരുന്ന പേമാരിയിൽ നിരവധി പേരെ കാണാതായി. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സിന്ധുപാൽചൗക്കിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 50 പേരെ കാണാതായി. ഏഴു പേർ മരിച്ചു. കാഠ്മണ്ഡുവിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ഈ പട്ടണം. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയതായും റിപ്പോർട്ടുകൾ ഉണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
"ഹെലാംബു മുനിസിപ്പാലിറ്റിയിൽ തുടർച്ചയായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് പേർ മരിച്ചുവെന്നും അതിൽ ആറ് പേർ പ്രാദേശിക മത്സ്യ തൊഴിലാളികളാണെന്നും സിന്ധുപാൽചൗക്ക് ചീഫ് ജില്ലാ ഓഫീസർ അരുൺ പോഖ്രേൽ പറഞ്ഞു. 50 പേരെ കാണായെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ എന്നും പോഖ്രേൽ കൂട്ടിച്ചേർത്തു.